റിയാദ്: സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സാദിയോ മാനെയുടെയും മിന്നും പ്രകടനത്തിൽ വിജയവഴിയിൽ തിരിച്ചെത്തി അൽനസ്ർ. അൽഫാതിഹിനെതിരെ ക്രിസ്റ്റ്യാനോ ഹാട്രിക് ഗോൾ നേടിയപ്പോൾ രണ്ടു ഗോളാണ് മാനെ അടിച്ചത്. സൗദി പ്രോ ലീഗിൽ ഈ സീസണിലെ അൽനസ്റിന്റെ ആദ്യ ജയമാണിത്.
സൂപ്പർ താരങ്ങൾ കത്തിപ്പടർന്ന മത്സരത്തിൽ അൽഫാതിഹിനെ മറുപടിയില്ലാത്ത അഞ്ചു ഗോളിനാണ് അൽനസ്ർ തകർത്തുകളഞ്ഞത്. ഫാതിഹിന്റെ ഹോംഗ്രൗണ്ടായ പ്രിൻസ് അബ്ദുല്ല ബിൻ ജലാവി സ്റ്റേഡിയത്തിലായിരുന്നു മത്സരം. സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും ഗോൾ കണ്ടെത്താനാകാതെ വിഷമിച്ച ക്രിസ്റ്റിയാനോയുടെ ഗംഭീര തിരിച്ചുവരവ് തന്നെയാണ് ആരാധകരെയും ക്ലബിനെയും ഒരുപോലെ സന്തോഷിപ്പിക്കുന്നത്. കരിയറിലെ 63-ാമത് ഹാട്രിക് കൂടിയാണു താരം കുറിച്ചത്. മറുവശത്ത് സാദിയോ മാനെ പുതിയ തട്ടകത്തിൽ ഗംഭീര പ്രകടനത്തിലൂടെ വരവറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് ടീമിലെത്തിച്ച സ്പാനിഷ് പ്രതിരോധ താരം അയ്മെറിക് ലാപോർട്ടെ അൽനസ്റിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
മത്സരം ആരംഭിച്ച് 27-ാം മിനിറ്റിൽ മാനെയുടെ കാലുകളിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. അതും ക്രിസ്റ്റ്യാനോയുടെ കിടിലൻ അസിസ്റ്റിൽ. ക്രിസ്റ്റ്യാനോ പുറങ്കാൽ കൊണ്ടു തട്ടിയിട്ടുനൽകിയ പാസ് ബോക്സിനടുത്തുനിന്ന് മാനെ കൃത്യമായി സ്വീകരിച്ച് വലയിലാക്കുകയും ചെയ്തു. ഒട്ടും വൈകാതെ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോളും വന്നു. ഇത്തവണ അൽഗാനമിന്റെ അസിസ്റ്റിൽ ബോക്സിന്റെ മധ്യത്തിൽനിന്നു തൊടുത്ത മികച്ചൊരു ഷോട്ട് ഫാതിഹ് വലയിലൊതുങ്ങി.
ഹാഫ്ടൈമിനുശേഷം അൽനസ്റിന്റെയും ക്രിസ്റ്റിയാനോയുടെയും അഴിഞ്ഞാട്ടമായിരുന്നു മൈതാനത്ത്. കളി പുനരാരംഭിച്ച് മിനിറ്റുകൾക്കകം ക്രിസ്റ്റിയാനോ രണ്ടാം ഗോൾ കുറിച്ചു. 55-ാം മിനിറ്റിലായിരുന്നു അൽനസ്റിന്റെ മൂന്നാം ഗോൾ വന്നത്. ഗരീബ് നൽകിയ പാസ് സ്വീകരിച്ച ക്രിസ്റ്റ്യാനോ ഫാതിഹ് ഗോൾകീപ്പർ ജേക്കബ് റിനെയെയും കബളിപ്പിച്ചു പന്ത് ശൂന്യമായ വലയിലേക്കു തട്ടിയിട്ടു. അൽനസ്ർ-3, അൽഫാതിഹ്-0.
മറുവശത്ത് അൽഫാതിഹിന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ ലൂക്കാസ് സെലറയാൻ മികച്ച നീക്കങ്ങളിലൂടെ ടീമിനെ മത്സരത്തിൽ തിരിച്ചെത്തിക്കാനുള്ള നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളായില്ല. 72-ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്കു പോയി. 80-ാം മിനിറ്റിൽ സെലറയാന്റെ മിന്നൽ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്കു പോകുകയും ചെയ്തു.
81-ാം മിനിറ്റിൽ വീണ്ടും അൽനസ്റിന്റെ വിളയാട്ടം. സെലറയാൻ ഗോളവസരം നഷ്ടപ്പെടുത്തിയതിനു പിന്നാലെ നസ്റിന്റെ കൗണ്ടർ ആക്രമണം. പന്തുമായി എതിർനിരയിലേക്കു കുതിച്ച ക്രിസ്റ്റ്യാനോ ഗരീബിന് പാസ് നൽകി. ബോക്സിനു തൊട്ടടുത്തു നിന്ന മാനെയ്ക്ക് ഗരീബ് പന്തു നീട്ടിനൽകി. അവസരം പാഴാക്കാതെ മികച്ചൊരു ഹെഡറിലൂടെ മാനെ അതു വലയിലാക്കുകയും ചെയ്തു.
85-ാം മിനിറ്റിൽ ആശ്വാസഗോൾ നേടാനുള്ള ഒരു അവസരവും ഫാതിഹിനു മുന്നിൽ തുറന്നെങ്കിലും മുതലെടുക്കാനായില്ല. കൗണ്ടർ അറ്റാക്കിലൂടെ നസ്റിന്റെ പോസ്റ്റിനു തൊട്ടരികെ വരെയെത്തിയ നീക്കം പക്ഷെ ഫാതിഹ് സ്ട്രൈക്കർ ഫെറാസ് അൽബുറൈകാന് ഗോളാക്കാനായില്ല. മികച്ചൊരു അവസരം ബാറിനു മുകളിലൂടെ അടിച്ച് തുലച്ചുകളഞ്ഞു താരം.
എക്സ്ട്രാ ടൈമിൽ ഫാതിഹിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചാണ് ക്രിസ്റ്റ്യാനോ വിളയാട്ടം അവസാനിപ്പിച്ചത്. ബോക്സിനു തൊട്ടരികെനിന്ന് മാനെ നൽകിയ പാസ് സ്വീകരിച്ച നസ്റിന്റെ സൗദി താരം നവാഫ് ബൗഷൽ ബാറിനു വലതുവശത്തേക്കു കുതിച്ചെത്തിയ ക്രിസ്റ്റ്യാനോയുടെ കാലിലേക്ക് പന്ത് ഇട്ടുകൊടുത്തു. സൂപ്പർ താരമത് അനായാസം വലയിലാക്കുകയും ചെയ്തു. ഹാട്രിക് ഗോൾ. അൽനസ്ർ-5, അൽഫാതിഹ്-0.