തിരുവനന്തപുരം: വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങിയിരുന്ന ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. അതേസമയം, യാതൊരു കാരണവശാലും ലോഡ് ഷെഡ്ഡിംഗോ പവർ കട്ടോ ഏർപ്പെടുത്തരുതെന്നും കർശന നിർദേശം നൽകി.
നിയമവിരുദ്ധമെന്ന് കണ്ടെത്തി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ബോർഡിലെ ഉന്നതരുടെ ആവശ്യമാണ് മുഖ്യമന്ത്രി തള്ളിയത്. കരാർ റദ്ദായതോടെ 465മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്. ഹ്രസ്വകാല കരാറുകളിലൂടെയും അടിയന്തരഘട്ടത്തിൽ സ്വാപ് കരാറിലൂടെയും വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം. വൈദ്യുതി കടം വാങ്ങുകയും മിച്ചംവരുമ്പോൾ തിരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് സ്വാപ്.വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ മന്ത്രി കൃഷ്ണൻകുട്ടി നൽകിയ ബദൽ നിർദ്ദേശങ്ങൾ ഉടൻ പ്രാവർത്തികമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധി വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കുടിശ്ശിക പിരിക്കണം.ഡിസംബറിന് മുമ്പ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള കുടിശ്ശിക തീർക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. 2013കോടി രൂപയാണ് പൊതുമേഖലാസ്ഥാപനങ്ങൾ നൽകാനുള്ള കുടിശ്ശിക.ഇതിൽ 1680കോടിയും വാട്ടർ അതോറിറ്റിയാണ് നൽകേണ്ടത്. 2018ന് ശേഷം വാട്ടർ അതോറിറ്റിവൈദ്യുതിബില്ലടച്ചിട്ടില്ല.പൊലീസ് വകുപ്പ് 151കോടിയും മറ്റ് പൊതുമേഖലാസ്ഥാപനങ്ങൾ 182കോടിയുമാണ് നൽകാനുള്ളത്. യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായാണ് പങ്കെടുത്തത്. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, ധനമന്ത്രി കെ. എൻ. ബാലഗോപാൽ, വൈദ്യുതിവകുപ്പ്അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ഇ. ബി ചെയർമാൻ രാജൻ ഖൊബ്രഗഡെ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ തുടങ്ങിയവർ പങ്കെടുത്തു.