തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്.
5,87,691 എ എ വൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റുകൾ നൽകുന്നത്. കിറ്റുകൾ നാളെ മുതൽ ഞായർ വരെ റേഷൻ കടകളിൽനിന്ന് കൈപ്പറ്റാം. തുണി സഞ്ചി ഉൾപ്പെടെ പതിനാലിനം ഭക്ഷ്യോൽപ്പന്നങ്ങളാണുള്ളത്. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.
കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ റേഷൻ കടയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയാകും. തിരുവോണം മുതൽ ചതയദിനം വരെ മൂന്ന് ദിവസം റേഷൻ കടകൾ അവധിയായിരിക്കും.