കൊച്ചി: മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉടുമ്പന്‍ചോല, ബൈസന്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കമെന്ന് കോടതി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണ് തീരുമാനം. മൂന്നിടത്തെയും സിപിഎം ഓഫീസുകള്‍ നിയമവിരുദ്ധമായാണ് നിര്‍മിക്കുന്നതെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. നിര്‍മാണം തടയാന്‍ കളക്ടര്‍ക്ക് പോലീസ് സംരക്ഷണം തേടാമെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ സംരക്ഷണം നല്കാന് ജില്ലാ പൊലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്കി.
മൂന്നിടത്തെയും സിപിഎം ഓഫീസുകള്‍ നിയമവിരുദ്ധമായാണ് നിര്‍മിക്കുന്നതെന്ന് നേരത്തേ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെയാണ് നിര്‍മാണം നടക്കുന്നത്. ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമോ നല്‍കിയതിന് ശേഷവും നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള നിരവധി കേസുകള്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ഈ കേസുകള്‍ ഒറ്റ ബെഞ്ചിന് കീഴിലാക്കാന്‍ നേരത്തേ ചീഫ് ജസ്റ്റീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ജസ്റ്റീസ് എ.മുഹമദ് മുസ്തഖിന്റെ അധ്യക്ഷതയില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. ഈ ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്.