തിരുവനന്തപുരം: സിപിഎമ്മിനെ വിമര്‍ശിച്ചുള്ള തന്റെ പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് കവി സച്ചിദാനന്ദന്. താന്‍ ഫലിതമായി പറഞ്ഞതാണ് പ്രസ്താവനയായി പ്രചരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ മാധ്യമ ധാര്‍മികത വിചിത്രമെന്നും ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ക്കില്ലെന്നും സച്ചിദാനന്ദന്. താന്‍ ശ്രമിച്ചത് ഇടതുപക്ഷത്തെ വിശാലമായി നിര്വചിക്കാനെന്നും കേരള സാഹിത്യ അക്കാദമി ചെയര്മാന് കൂടിയായ അദ്ദേഹം വ്യക്തമാക്കി.
സിപിഎം വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്ന് കഴിഞ്ഞദിവസം സച്ചിദാനന്ദന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തിലേറുമ്പോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യമേറും. മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ അത് നാശത്തിലേക്ക് നയിക്കും. ബംഗാളില്‍ അതു കണ്ടതാണെന്നും ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സച്ചിദാനന്ദന് പറഞ്ഞിരുന്നു. കൂടാതെ യുഎപിഎ ചുമത്തല്‍, മാവോയിസ്റ്റ് വേട്ട ഉള്‍പ്പെടെയുള്ള ഇടതു സര്‍ക്കാരിന്റെ പോലീസ് നയത്തോട് തനിക്ക് വിയോജിപ്പുണ്ട്. ഗ്രോ വാസുവിനെതിരായ നിലപാട് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നും സച്ചിദാനന്ദന് വ്യക്തമാക്കിയിരുന്നു.
സച്ചിദാനന്ദന്റെ പ്രസ്താവന സമൂഹത്തെയും ഭരണകൂടത്തെയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യ വികാരമാണെന്നും അദ്ദേഹം ഒരു കവിയും എഴുത്തുകാരനുമൊക്കെ ആയതുകൊണ്ട് ഹൃദയത്തില്‍ തട്ടി പറഞ്ഞ വാക്കുകളാണിതെന്നും നേരത്തെ ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് പ്രസ്താവനയില്‍ നിന്നുള്ള സച്ചിദാനന്ദന്റെ മലക്കം മറിച്ചില്‍.