കൊല്ലം : ഏറ്റെടുക്കാനാളില്ലാത്ത അനാഥ മൃതദേഹങ്ങൾക്ക് അന്ത്യവിശ്രമത്തിന് സൗകര്യമൊരുക്കാൻ പന്മന പുതുശ്ശേരിക്കോട്ട ജമാഅത്ത്. ഏത് മതത്തിൽപ്പെട്ടവരാണെന്ന മാണദണ്ഡം നോക്കാതെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്കായി കാരുണ്യത്തിന്റെ കരുതൽ നീട്ടുകയാണ് ഇവർ. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് സെക്രട്ടറിയായ വലിയത്ത് ഇബ്രാഹിംകുട്ടിയാണ് ഈ തീരുമാനത്തിന് മുൻകൈയെടുത്തത്.
ആരും ഏറ്റെടുക്കാനില്ലെങ്കിൽ മുസ്ലിം ആണെങ്കിൽ ഈ ജമാഅത്തിൽ അവർക്കായി ആറടി മണ്ണ് ഉണ്ടാകും. അന്യമതസ്ഥരുടെ സംസ്കാരം തൊട്ടടുത്തുതന്നെയുള്ള വലിയത്ത് ഇബ്രാഹിംകുട്ടിയുടെ സ്ഥലത്തായിരിക്കും നടത്തുക. മരിച്ച വ്യക്തി ഏത് മതാചാരമാണോ പാലിച്ചുപോന്നിരുന്നത് അതനുസരിച്ച് അന്ത്യകർമ്മങ്ങളും നടത്തും. 51 പേരടങ്ങുന്ന കമ്മറ്റി ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നും കമ്മറ്റിയംഗങ്ങളെല്ലാം ഐകകണ്ഠ്യേന തീരുമാനത്തെ പിന്തുണച്ചെന്നും വലിയത്ത് ഇബ്രാഹിംകുട്ടി പറഞ്ഞു. മതപരമായ ഭിന്നതകൾ കൂടിവരുന്ന സാഹചര്യത്തിൽ മനുഷ്യരാശിയിലുള്ള വിശ്വാസം പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ മെഡിക്കൽ കോളജിൽ കാൻസർ ബാധിച്ച് മരിച്ച ഇസ്മായേൽ എന്നയാളെക്കുറിച്ച് കൊല്ലം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഡി ശ്രീകുമാറിൽ നിന്ന് അറിഞ്ഞതാണ് ഇങ്ങനെയൊരു തീരുമാനത്തിന് വഴിയൊരുക്കിയത്. “ശവസംസ്കാരത്തിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ അയാൾക്ക് കുടുംബമില്ല. ആ മൃതദേഹം ഞങ്ങൾ ഏറ്റെടുത്തു. ഈ സംഭവമാണ് ഭാവിയിലും അനാഥരായ ആളുകൾക്ക് ഈ സഹായം നൽകണമെന്ന ചിന്തയിലേക്ക് എത്തിച്ചത്. മറ്റുള്ളവരെ സഹായിക്കാൻ കൈയിൽ ലക്ഷങ്ങളൊന്നും വേണ്ട. ഇങ്ങനെയൊരു പ്രവർത്തി മനുഷ്യരാശിയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും. ഈ കാരുണ്യവും സ്നേഹവും ഭാവിതലമുറകൾക്കും മാതൃകയാകും”, ഇബ്രാഹിംകുട്ടി പറഞ്ഞു.
അനാഥരായ ആളുകളെ സംസ്കരിക്കാൻ പള്ളിയോട് ചേർന്ന് സൗകര്യമൊരുക്കണമെന്ന നിർദേശം കരുനാഗപ്പള്ളിയിലെ 35 ജമാഅത്തുകൾക്കും നൽകിയിട്ടുണ്ട്. ജമാഅത്തുകളെല്ലാം തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. ഇതിന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം പന്മന ജമാഅത്ത് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ച വ്യക്തിയെക്കുറിച്ചുള്ള ശരിയായ വിവരം ലഭിക്കുന്നതിന് സമഗ്രമായ പൊലീസ് പരിശോധന നടത്തും. പൊലീസ് പരിശോധനയ്ക്കടക്കം വേണ്ടിവരുന്ന ചെലവുകൾ ജമാഅത്ത് വഹിക്കും.