കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ ആരോപണത്തില്‍ സിപിഎം നേതാവ് എകെ ബാലന്റെ വെല്ലുവിളി ഏറ്റെടുത്ത് മാത്യു കുഴല്നാടന് എംഎല്‍എ. വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചില്ല എന്ന് തെളിയിച്ചാല്‍ സിപിഎം എന്തു ചെയ്യും?. രേഖകള്‍ പുറത്തുവിടാന്‍ സിപിഎമ്മിന് ഒരുദിവസം കൂടി സമയം നല്‍കാം. തന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിച്ചാല്‍ മാപ്പുപറയാം, മറിച്ചെങ്കില്‍ വീണ മാസപ്പടി വാങ്ങിയെന്ന് സിപിഎം സമ്മതിക്കുമോയെന്നും കുഴല്നാടന് ചോദിച്ചു. ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാത്യു കുഴല്നാടന്
‘രാഷ്ട്രീയത്തില്‍ തുടക്കക്കാരനാണ്. ഇപ്പോഴെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പറയുന്നത് കൂടിയ വെല്ലുവിളിയാണ്. എകെ ബാലന്റെ രണ്ടാമത്തെ വെല്ലുവിളി ഏറ്റെടുക്കുന്നു. ഞാന്‍ പറഞ്ഞ ആക്ഷേപം തെറ്റാണെങ്കില്‍ മാപ്പുപറയും. കണക്കുകള്‍ പുറത്തുവിടാന്‍ സിപിഎമ്മിന് മൂന്ന് ദിവസത്തെ സമയം നല്കി. എനിക്ക് കിട്ടിയവിവരങ്ങള്‍ അനുസരിച്ച് 1.72 കോടിക്ക് ജിഎസ്ടി അടിച്ചിട്ടില്ലെന്ന് മനസിലാക്കുന്നു. അതാണ് എന്റെ ഉത്തമവിശ്വാസം. എനിക്ക് കിട്ടിയ വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും പൊതൂസമൂഹത്തിനോട് ഏറ്റുപറയും. വീണയോട് മാപ്പുപറയുകയും ചെയ്യും’- മാത്യ കുഴല്നാടന് പറഞ്ഞു.
‘സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് വീണയും എക്സാലോജിക്ക് കമ്പനിയും ജിഎസ്ടിയും അടച്ചിട്ടില്ലെങ്കില്‍ എകെ ബാലന് എന്തു ചെയ്യും. പിണറായി വിജയനോ, എകെ ബാലനോ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നൊന്നും ഞാന്‍ പറയില്ല. അവര്‍ക്ക് ഒരു ദിവസം കൂടി സമയം നല്കുന്നു. അല്ലെങ്കില്‍ എന്റെതായ രീതിയല്‍ ജിഎസ്ടി അടച്ചിട്ടില്ലെന്ന് തെളിയിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന് സിപിഎം അംഗീകരിക്കുമോ എന്നുമാത്രമാണ് ചോദിക്കാനുള്ളത്’ – മാത്യു കുഴല്നാടന് പറഞ്ഞു.