മുംബൈ: ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന്റെ മുംബൈയിലെ ബംഗ്ലാവിന്റെ ഇ-ലേല നോട്ടീസ് പിൻവലിച്ചതായി ബാങ്ക് ഓഫ് ബറോഡ. തുടർന്ന് ബാങ്കിന് ലഭിക്കാനുള്ള 56 കോടി രൂപ തിരിച്ചുപിടിക്കുന്നതിനായി വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ലേലം ബാങ്ക് റദ്ദാക്കി. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. സാങ്കേതിക കാരണങ്ങളാലാണ് നോട്ടീസ് പിന്‍വലിക്കുന്നതെന്നാണ് വിശദീകരണം.
ബാങ്ക് ഓഫ് ബറോഡയിൽ നിന്നെടുത്ത 55.99 കോടി രൂപയുടെ വായ്പ 2022 ഡിസംബർ മുതൽ സണ്ണി ഡിയോൾ തിരിച്ചടച്ചിരുന്നില്ല. സണ്ണി വില്ല എന്നറിയപ്പെടുന്ന ജുഹുവിലെ വസ്തുക്കളുടെ ലേലം നടത്തുമെന്നാണ് ബാങ്ക് അറിയിച്ചിരുന്നത്. 2002-ലെ സർഫാസി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ലേലം തടയുന്നതിനായി കുടിശികയുള്ള പണം അദ്ദേഹത്തിന് അടയ്ക്കാമെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു.
എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബാങ്ക് ലേലം തടഞ്ഞതോടെ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി. ആരാണ് ഈ സാങ്കേതിക കാരണങ്ങളുടെ പ്രേരകശക്തിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ഞായറാഴ്ചയായിരുന്നു ലേലവുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ബാങ്ക് ഓഫ് ബറോഡ ലേല നോട്ടീസ് പിൻവലിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.