തിരുവനന്തപുരം : ഐഎസ്ആര്‍ഒ പരീക്ഷയില്‍ ‘ഹൈടെക്’ കോപ്പിയടി നടത്തിയ രണ്ടുപേര്‍ പിടിയില്‍. വിഎസ് എസ് സിയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവരാണ് പിടിയിലായത്.
പ്ലസ് ടു യോഗ്യതയുള്ള ടെക്നീഷ്യന് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. കോപ്പിയടി നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കോട്ടണ്‍ഹില്ലിലും സെന്റ് മേരീസ് സ്കൂളിലും ഉണ്ടായ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
വയറില്‍ ബെല്‍റ്റ് കെട്ടിവച്ച് അതില്‍ മൊബൈല്‍ ഫോണ്‍ വച്ചായിരുന്നു കോപ്പിയടി. ചെവിയില്‍ ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടി നടത്തിയത്. ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തിലുള്ള ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് ആണ് വച്ചിരുന്നത്. ആദ്യം മൊബൈല്‍ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്തു. തുടര്‍ന്ന് സ്ക്രീന്‍ വ്യൂവര്‍ വഴി ചോദ്യപേപ്പര്‍ ഷെയര്‍ ചെയ്തായിരുന്നു കോപ്പിയടി. തുടര്‍ന്ന് ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതുന്ന തരത്തിലായിരുന്നു കോപ്പിയടി നടന്നതെന്ന് പൊലീസ് പറയുന്നു.
സുനില്‍ 75 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയിരുന്നു. സുനിലിനെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. സുനിത്തിനെ മെഡിക്കല്‍ കോളജ് പൊലീസാണ് കൈയോടെ പൊക്കിയത്. നിരവധി ഹരിയാന ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നു. കൂടുതല്‍ കോപ്പിയടി നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ അന്വേഷണത്തിലാണ് പൊലീസ്.