ന്യൂഡൽഹി : രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി ഇന്ധനനികുതി കുറക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രാലയം. പച്ചക്കറി വില വര്‍ദ്ധിക്കുന്നതാണ് പണപ്പെരുപ്പം ഉയരുന്നതിനുള്ള കാരണമെന്നാണ് ധനമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അതിനാല്‍, പച്ചക്കറി വിലയിലുണ്ടാവുന്ന ചാഞ്ചാട്ടം ഒരു സീസണല്‍ പ്രതിഭാസം മാത്രമാണെന്നും ഇതേതുടര്‍ന്ന് നികുതി കുറക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
പണപ്പെരുപ്പം 15 മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലെത്തിയ സാഹചര്യത്തില്‍ ഇത് പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനികുതി കുറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ഇക്കാര്യം ധനമന്ത്രാലയം അറിയിച്ചതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈയില്‍ തക്കാളി ഉള്‍പ്പടെയുളള പച്ചക്കറികള്‍ക്ക് വന്‍ വിലക്കയറ്റമാണുണ്ടായത്. എന്നാല്‍, കഴിഞ്ഞ എട്ട് വര്‍ഷവും സെപ്റ്റംബറില്‍ പച്ചക്കറി വില കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബറോടെ പച്ചക്കറി വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഇന്ധന നികുതി കുറച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.