ന്യൂഡല്‍ഹി: സവാള ഉള്ളിയ്ക്ക് കയറ്റുമതി ചുങ്കം ഏർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 40 ശതമാനം കയറ്റുമതി ചുങ്കമാണ് ഏർപ്പെടുത്തിയത്. സവാളയുടെ വില നിയന്ത്രിക്കാനും ആഭ്യന്തര വിപണിയിലെ ലഭ്യത മെച്ചപ്പെടുത്താനുമാണ് കേന്ദ്ര നടപടി. 2023 ഡിസംബര്‍ 31 വരെയാണ് വര്‍ധനവ്.
ധനകാര്യ മന്ത്രാലയമാണ് ഉത്തരവ് പുറത്തുവിട്ടത്. സെപ്റ്റംബറില്‍ സവാളയുടെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് നടപടി. തക്കാളിയുടേതിന് സമാനമായി ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ ഈമാസം തുടര്‍ച്ചയായ വര്‍ധനവാണുണ്ടായിരിക്കുന്നത്.ഓഗസ്റ്റ് 11ന് കേന്ദ്ര ഗവണ്മെന്റ് കരുതൽ ശേഖരത്തിൽ നിന്ന് പച്ചക്കറികള്‍ വിപണിയില്‍ എത്തിച്ചിരുന്നു. 2023-24 സീസണില്‍ മൂന്ന് ലക്ഷം ടണ്‍ സവാള കരുതിവെക്കാനാണ് ഗവണ്മെന്റ് തീരുമാനിച്ചിരുന്നത്. 2022-23 കാലത്ത് 2.51 ലക്ഷം ടണ്‍ സവാളയാണ് ബഫര്‍ സ്റ്റോക്കായി കരുതിയത്. കുറഞ്ഞ സപ്ലൈ സീസണില്‍ നിരക്കുകള്‍ ഗണ്യമായി ഉയരുകയാണെങ്കില്‍, ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിനും വില സ്ഥിരത കൈവരിക്കുന്നതിനുമായി ബഫര്‍ സ്റ്റോക്ക് പരിപാലിക്കപ്പെടുന്നു.