ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈൻ വളം ചാക്കുകളിൽ ഉപയോഗിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. വളങ്ങളുടെ ചാക്കുകളിൽ ഉപയോഗിക്കാൻ പുതിയ ഡിസൈൻ തീരുമാനിച്ചതായും ഇതിനോടൊപ്പം രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രിയുടെ സന്ദേശം ഉൾപ്പെടുത്തണമെന്നും കാണിച്ച് കേന്ദ്രരാസവളം മന്ത്രാലയം കഴിഞ്ഞദിവസം വിവിധ വളം നിർമാണ കമ്പനികളുടെ സി എം ഡിമാർക്കും കത്തയച്ചു.
വളങ്ങൾക്ക് എല്ലാം ‘ഭാരത്’ എന്ന ഒറ്റ ബ്രാൻഡ് നാമം നൽകുന്ന ‘വൺ നേഷൻ, വൺ ഫെർട്ടിലൈസേഴ്സ്’ പദ്ധതി നടപ്പിലാക്കാൻ ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ‘പ്രധാനമന്ത്രി ഭാരതീയ ജൻഉർവരക് പരിയോജന’ (പി എം ബി ജെ പി) എന്ന പേരിലുള്ള സബ്സിഡി പദ്ധതിയുടെ ലോഗോയ്ക്ക് കീഴിലായിരിക്കും എല്ലാ വളങ്ങളും ഇനിമുതൽ രാജ്യത്ത് പുറത്തിറങ്ങുക.
വളങ്ങളുടെ ചാക്കിൽ ഉപയോഗിക്കാനുള്ള മന്ത്രാലയം അംഗീകരിച്ച അന്തിമ ഡിസൈൻ കത്തിനൊപ്പം കമ്പനികൾക്ക് നൽകിയിരിക്കുകയാണ്. ഭൂമിയെ സംരക്ഷിക്കുന്നതിനായി രാസവളങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്നാണ് ഹിന്ദിയിലുള്ള സന്ദേശം. പുതിയ ഡിസൈനോടുകൂടിയ ചാക്കുകൾ ഉടൻതന്നെ പുറത്തിറക്കണമെന്നാണ് കേന്ദ്ര നിർദേശം.