ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. മൂന്ന് കുക്കി വിഭാഗത്തിലെ യുവാക്കൾകൂടി കൊല്ലപ്പെട്ടു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്. അതിനിടെ സമാധാനനീക്കത്തിന്റെ ഭാഗമായി ഐ.ബി ആസ്ഥാനത്തു നടന്ന വിഘടനവാദി നേതാക്കളുമായുള്ള കേന്ദ്ര സർക്കാരിന്റെ രണ്ടാംഘട്ട ചർച്ച പൂർത്തിയായി.
രണ്ട് ആഴ്ചയായി സംഘർഷത്തിൽ അയവുവന്നതിനുശേഷമാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. തൗബൽ ജില്ലയിലെ തോവയിൽ ഒരു കാട്ടിൽനിന്നാണു കാലുകൾ വെട്ടിമാറ്റിയ നിലയിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. യൈരിപോക്-ചരങ്പട്ട് റോഡ് ജങ്ഷനിലാണു സംഭവം. വെടിവയ്പ്പിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണു സൂചന.
ഇതിനിടെയാണു മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിന്റെ രണ്ടാംഘട്ട സമാധാന ചർച്ച നടന്നത്. കെ.എൻ.ഒ, യു.പി.എഫ് സംഘടനകളുമായായിരുന്നു ചർച്ച. ഡൽഹിയിലെ ഐ.ബി ആസ്ഥാനത്തുവച്ചാണു രണ്ടു ദിവസത്തെ ചർച്ച നടന്നത്. കലാപവുമായി ബന്ധപ്പെട്ട സമാധാനനീക്കത്തിനായുള്ള ആലോചനകളിൽ പുരോഗതിയുണ്ടെന്നും മൂന്നാംഘട്ട ചർച്ച ഉടൻ നടക്കുമെന്നും സംഘടനകൾ അറിയിച്ചു. അതിനിടെ, മണിപ്പൂർ സംഘർഷത്തിൽ ഒരു പ്രത്യേക സമൂഹത്തെ സഹായിക്കാൻ ആയുധങ്ങൾ വിതരണം ചെയ്തുവെന്നും കേഡർമാരെ അയച്ചുവെന്നുമുള്ള വാർത്തകൾ നിഷേധിച്ച് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്. വീഡിയോ പ്രചരിപ്പിച്ചത് ആസൂത്രണത്തിൻറെ ഭാഗമെന്ന് എൻസിസിഎൻ പറഞ്ഞു. സി.പി.എം പ്രതിനിധി സംഘത്തിൻറെ മണിക്കൂർ സന്ദർശനം തുടരുകയാണ്.
15 ഓളം എൻ.എസ്.സി.എൻ കേഡർമാർ കുക്കികൾക്കെതിരെ പോരാടാൻ മെയ്തേകൾക്ക് സഹായം നൽകി എന്നാ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.എൻസിസിഎന്നിനെ മോശമായി ചിത്രീകരിക്കാ ലക്ഷ്യമിട്ടുള്ള ആസൂത്രണത്തിൻറെ ഭാഗമായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എൻ.എസ്.സി.എൻ നേതാവ് എച്ച്.ആർ ഷിംറേ പറഞ്ഞു. ആരെയും സഹായിക്കാൻ ഒരുതരത്തിലുള്ള നിർദേശവും ആർക്കും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.
അതേസമയം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൻറെ മണിപ്പൂർ സന്ദർശനം തുടരുകയാണ്. മൊയ്റാംഗിലെയും ചുരാചന്ദ്പൂരിലെയും ക്യാമ്പുകൾ സന്ദർശിച്ച സംഘം അവശ്യവസ്തുക്കൾ കൈമാറി. ശേഷം, ഗവർണർ അനുസൂയ ഉയ്കെയുമായും കൂടിക്കാഴ്ച നടത്തി. ക്യാമ്പുകളിലെ കാഴ്ച ഹൃദയഭേദകമെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. സംഘർഷം മൂന്നര മാസം പിന്നിടുമ്പോഴും വിവിധ ഇടങ്ങളിൽ ഇപ്പോഴും അക്രമങ്ങൾ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.