തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു.
രാജ്യത്ത് വിലക്കയറ്റം തടുത്തു നിർത്തുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാകുന്നില്ല. വിലക്കയറ്റം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്ത് വലിയ തോതിൽ സാധനങ്ങൾക്ക് വില ഉയരേണ്ടതാണ്. എന്നാൽ വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാൾ താഴെ നിർത്താൻ കേരളത്തിന് കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സംസ്ഥാന സർക്കാർ നിരന്തരം സ്വീകരിച്ച പ്രതിജ്ഞാബദ്ധമായ നടപടികളിലൂടെയാണ് ഇത് സാധ്യമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.