കൊൽക്കത്ത: ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻനിരയെ സമനിലയിൽ കുരുക്കി ബെംഗളൂരു എഫ്സിയുടെ രണ്ടാം നിര. ഇരു ടീമുകളും രണ്ട് ഗോളടിച്ച് മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തോടെ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തുള്ള ഗോകുലം ഡ്യൂറൻറ് കപ്പ് ക്വാർട്ടറിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴിയിലാണ് .
കളിച്ച രണ്ട് മത്സരത്തിലും ജയിച്ച ഗോകുലം കേരളയ്ക്ക് ആറ് പോയിന്റാണ്. രണ്ട് സമനിലയോടെ രണ്ട് പോയിന്റുമായി ബംഗളൂരുവാണ് നിലവിൽ രണ്ടാം സ്ഥാനത്ത്. സുനിൽ ഛേത്രിയടക്കമുള്ള പ്രമുഖരില്ലാതെയിറങ്ങിയ ബെംഗളൂരുവിന് മുമ്പിൽ ബ്ലാസ്റ്റേഴ്സ് വിയർക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡ് നേടിയത്. 14ാം മിനിട്ടിൽ ജസ്റ്റിനായിരുന്നു മഞ്ഞപ്പടക്കായി എതിർ വല കുലുക്കിയത്. എന്നാൽ 38ാം മിനിട്ടിൽ ബെംഗളൂരു തിരിച്ചടിച്ചു. എഡ്മണ്ട് ലാൽറിൻഡികയാണ് ഗോളടിച്ചത്.
രണ്ടാം പകുതിയിൽ 52ാം മിനിട്ടിൽ ആശിഷിലൂടെ ബെംഗളൂരു ലീഡ് നേടി. എന്നാൽ 84ാം മിനിട്ടിൽ മുഹമ്മദ് ഐയ്മനിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. 67ാം മിനിട്ടിൽ ഡാനിഷിന് പകരമിറങ്ങിയതാണ് ഐയ്മൻ. ഇവാൻ വുകുമനോവിച്ചിന് പകരം അസിസ്റ്റൻറ് കോച്ചായ ഫ്രാങ്ക് ഡോവന്റെ മേൽനോട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളിച്ചത്.
86ാം മിനിട്ടിൽ പ്രതിരോധ താരം ഹോർമിപാം രണ്ടാം മഞ്ഞക്കാർഡ് കണ്ട് കളത്തിന് പുറത്തായി. ബിഎഫ്സി ഫോർവേഡ് മുനീറുലിനെ ഫൗൾ ചെയ്തതിനായിരുന്നു രണ്ടാമത്തെ മഞ്ഞക്കാർഡ്. ഡ്യുറന്റ് കപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സ്. നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി, ഗോകുലം കേരള എഫ്സി, ഇന്ത്യൻ എയർഫോഴ്സ് ഫുട്ബോൾ ടീം എന്നിവയാണ് ഗ്രൂപ്പ് സിയിലെ ഇതര ടീമുകൾ.