ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. പ്രിയങ്കഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കട്ടയെന്നും, യുപിയില്‍ എവിടെ മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മത്സരിക്കുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് എഐസിസി നേതൃത്വം അറിയിച്ചു. യുപി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എഐസിസി നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടത്. അമേഠിയെ കൂടാതെ കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും രാഹുല്‍ മത്സരിച്ചിരുന്നു. വയനാട്ടില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു രാഹുലിന്റെ വിജയം.