പാലക്കാട്: അട്ടപ്പാടി ഗവ. കോളേജിൽ പ്രിൻസിപ്പലിനെ ‘വാഴ’യാക്കി എസ്എഫ്ഐയുടെ പ്രതിഷേധം. കോളേജ് ഹോസ്റ്റലിൽ ഉച്ചഭക്ഷണം മുടങ്ങിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രിൻസിപ്പൽ ലാലി വർഗീസിനെ വാഴയോട് ഉപമിച്ച് എസ്എഫ്ഐ സമരം നടത്തിയത്. എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ അട്ടപ്പാടി കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചയാളാണ് ലാലി വർഗീസ്.
ആറുമാസമായി ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളികൾക്കും പാചകക്കാർക്കും വേതനം ലഭിച്ചിരുന്നില്ല. ഇവർ നടത്തിയ പണിമുടക്ക് സമരത്തിന് പിന്തുണയുമായാണ് എസ്എഫ് ഐയുടെ പ്രിൻസിപ്പലിനെ അവഹേളിച്ച് വാഴ സമരം നടന്നത്. പൊലീസ് ഇടപെട്ട് പ്രശ്നത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കി. കുടുംബശ്രീ പ്രവർത്തകർക്കാണ് , ഹോസ്റ്റലിൽ ഭക്ഷണ വിതരണ ചുമതലയെന്നും പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
‘വാഴയാണെങ്കിൽ കുലയ്ക്കുകയെങ്കിലും ചെയ്യും പ്രിൻസിപ്പൽ ഒന്നും ചെയ്യുന്നില്ല’ എന്ന് മുദ്രാവാക്യം വിളിച്ച് പ്രിൻസിപ്പൽ എന്നെഴുതിയ ബോർഡ് സഹിതമാണ് പ്രിന്‍സിപ്പലിന്റെ കസേരയ്ക്ക് പിന്നില്‍ വാഴ വെച്ചത്. ഹോസ്റ്റലിലെ പട്ടികവിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ് ഫീസും സാമ്പത്തികാനുകൂല്യങ്ങളും 6 മാസമായി സര്‍ക്കാര്‍ നല്കിട്ടില്ലെന്നാണ് വിവരം. മെസ് ഫീസ് ഇനത്തില്‍ 5 ലക്ഷം രൂപയോളമാണ് കിട്ടാനുള്ളത്.