ന്യൂഡൽഹി : ഉപദേശക ബോർഡിന്റെ അംഗീകാരമുണ്ടെങ്കിൽ മൂന്നുമാസത്തിന് ശേഷവും വ്യക്തികളെ കരുതൽ തടങ്കലിൽ സൂക്ഷിക്കാമെന്ന് സുപ്രീംകോടതി. പരമാവധി ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാം. മൂന്നുമാസത്തിലേറെയുള്ള കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദത്തിൽ 22(4)(എ) വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കൂടുതൽ കാലം തടങ്കലിന് തക്കതായ കാരണങ്ങളുണ്ടെന്ന് ഉപദേശക ബോർഡിന് ബോദ്ധ്യപ്പെട്ടാൽ അതാകാം. ബോർഡിന്റെ റിപ്പോർട്ടുണ്ടെങ്കിൽ ഓരോ മൂന്നുമാസം കൂടുമ്പോഴും സംസ്ഥാന സർക്കാർ റിവ്യൂ നടത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ആന്ധ്രയിൽ അനധികൃത മദ്യവിൽപനയ്ക്ക് കരുതൽ തടങ്കലിലായ പേസല നൂക്കരാജുവിന്റെ അപ്പീൽ തള്ളിയാണ് നടപടി.