കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് വധശ്രമക്കേസിൽ ജാമ്യം നേടി. 2012ൽ യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാർച്ചിലേയ്ക്ക് കല്ലേറുണ്ടായ കേസിൽ കോട്ടയം അഡീഷനൽ സബ് കോടതിയാണ് ജാമ്യം നൽകിയത്. കേസിലെ അഞ്ചാം പ്രതിയായ ജെയ്ക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
എം ജി സർവകലാശാലയിലേയ്ക്ക് യൂത്ത് ഫ്രണ്ട് നടത്തിയ മാർച്ചിന് നേരെ ക്യാംപസിനുള്ളിൽ നിന്ന് കല്ലേറുണ്ടാവുകയായിരുന്നു. സംഭവത്തിൽ അന്നത്തെ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി മൈക്കിൾ ജയിംസിന് പരിക്കേറ്റിരുന്നു. അതേസമയം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എൻജിനീയറിംഗ് അടിച്ചുതകർത്ത കേസിലും ജെയ്ക് കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തിരുന്നു. 2016ൽ നടന്ന സംഭവത്തിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വന്നതോടെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തത്.
2016-ൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന സമരം അക്രമാസക്തമായതോടെ കോളേജ് അടിച്ചുതകർത്തിരുന്നു. പിന്നാലെയാണ് അക്കാലത്തെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായ ജെയ്ക്ക് അടക്കമുള്ള നേതാക്കളെ പ്രതിയാക്കി കേസെടുത്തത്. 2021-ൽ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായ സമയത്ത് ജെയ്ക്ക് ഇതേ കേസിൽ കോടതിയിൽ കീഴടങ്ങി ജാമ്യം നേടിയിരുന്നു.