ഇടുക്കി : ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ റിസോർട്ട് നിർമിച്ചത് വീടിനുള്ള ലൈസൻസ് മറയാക്കിയെന്ന രേഖകൾ പുറത്തുവന്നു. ചിന്നക്കനാലിൽ പാർപ്പിട ആവശ്യത്തിന് നിർമിച്ച രണ്ടു കെട്ടിടങ്ങൾ മാത്യു കുഴൽനാടൻ റിസോർട്ടിന്റെ ഭാഗമാക്കിയതിന്റെ രേഖകളാണ് പുറത്തുവന്നത്. 2018 ലാണ് 800 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള രണ്ടു നില കെട്ടിടങ്ങൾ പണിതത്. ചിന്നക്കനാൽ പഞ്ചായത്ത് റിസോർട്ടിന് ലൈസൻസും നൽകിയിരുന്നു.
ചിന്നക്കനാലിലെ ഭൂമിയുടെ ഫെയർ വാല്യുവിനേക്കാൾ കൂടുതൽ തുക അടച്ചെന്നും പതിമൂന്ന് ലക്ഷം രൂപയാണ് സർക്കാർ രേഖ പ്രകാരം നികുതി അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനേക്കാൾ ആറ് ലക്ഷം രൂപ കൂടുതൽ അടച്ചിട്ടുണ്ടെന്നുമാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കിയത്. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സി.പി.എമ്മിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. തന്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്ത് വിടാമെന്നും വീണാ വിജയൻ നികുതി കണക്കുകൾ പുറത്ത് വിടാമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
നികുതിവെട്ടിപ്പ് ആരോപണത്തിൽ മാത്യു കുഴൽനാടന്റെ വിശദീകരണം തള്ളി സിപിഎം രംഗത്തെത്തി. ന്യായ വിലയുടെ അടിസ്ഥാനത്തിലല്ല സംസ്ഥാനത്ത് ഭൂമിക്കച്ചവടം നടക്കുന്നത്. അഞ്ചും ആറും ഇരട്ടി വില വർധിക്കാറുണ്ട്. ആരോപണങ്ങളിൽ മാത്യു കുഴൽനാടൻ ആദ്യം കൃത്യമായ മറുപടി പറയട്ടെയെന്നും മാത്യുവിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതിനെ കുറിച്ച് അതിനുശേഷം ആലോചിക്കാമെന്നുമാണ് സിപിഎം നിലപാട്.