ചെന്നൈ: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപാർപ്പിക്കണമെന്ന സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. മുതുമല കടുവ സങ്കേതത്തോട് ചേർന്നുള്ള തെങ്ങുമറഹദ ഗ്രാമത്തിലെ 495 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനാണ് ഉത്തരവ്. ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്ക് അവകാശമുണ്ടെന്നും വനം, വന്യമൃഗസംരക്ഷണം ഭരണഘടനപരമായ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.
ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്. ഉത്തരവ് നടപ്പാക്കി ഒക്ടോബർ പത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റീസ് എൻ. സതീഷ് കുമാർ, ഡി. ഭാരതചക്രവർത്തി എന്നിവരുടെ ബെഞ്ചാണ് ഉത്തരവിറക്കിയത്. കേന്ദ്രത്തിന്റെ സിഎഎംപിഎ ഫണ്ടിൽ നിന്നും 74.25 കോടി നൽകണം. രണ്ട് മാസത്തിനകം തുക തമിഴ്നാട് വനംവകുപ്പിന് കൈമാറണമെന്നും കോടതി ഉത്തരവിറക്കി.
നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച കേന്ദ്ര സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു.കേന്ദ്ര ഫണ്ടിൽ 8155 കോടി ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട് വനംവകുപ്പ് 2011ൽ മുതുമലൈയിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നതായും എന്നാൽ ഫണ്ടില്ലാതെ വന്നതിനാൽ നടന്നിരുന്നില്ലെന്നും ഉത്തരവിൽ കോടതി സൂചിപ്പിക്കുന്നുണ്ട്.