ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് വർഗീയ കലാപവുമായി ബന്ധപ്പെട്ട് പശുസംരക്ഷക നേതാവ് ബിട്ടു ബജ്റംഗി അറസ്റ്റിൽ. ചൊവ്വാഴ്ച ഫരീദാബാദിലെ വീട്ടിൽനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വർഗീയ വിദ്വേഷം വളർത്തുന്നതുമായ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ ആഗസ്റ്റ് ഒന്നിന് ബിട്ടു ബജ്റംഗിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ബജ്റംഗ്ദൾ റാലി തുടങ്ങുന്നതിന് മുമ്പ് ബിട്ടു ബജ്റംഗി പ്രകോപനപരമായ വീഡിയോകൾ നിർമിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സ്വയം പ്രഖ്യാപിത പശുസംരക്ഷകനായ മോനു മനേസറിന്റെ അനുയായിയാണ് ബിട്ടു ബജ്റംഗി. കാവി വസ്ത്രം ധരിച്ച് സ്ലോ മോഷനിൽ ഇയാൾ നടന്നുപോകുന്ന വിഡിയോയിൽ ആയുധങ്ങൾ കാണിക്കുകയും മുസ്ലിംകൾക്കെതിരായ പ്രകോപന ഗാനം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഹരിയാനയിലെ നുഹിൽ വർഗീയ കലാപത്തിലേക്ക് നയിച്ച വിഎച്ച്പി റാലിയിൽ ബിട്ടു ബജ്റംഗിയും പങ്കെടുത്തിരുന്നു.
ഹരിയാനയിലെ നൂഹിൽ ജൂലൈ 31ന് ഉണ്ടായ സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ ബജ്റംഗ്ദൾ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിലേക്ക് നയിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 230 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 79 പേർ അറസ്റ്റിലായി.