ഹൈദരാബാദ്: കൊൽക്കത്തയിലെ മൂന്നു വമ്പൻ ക്ളബ്ബുകളെയും നയിച്ച നായകനെന്ന അപൂർവതയുള്ള മുൻ ഇന്ത്യൻ താരം മുഹമ്മദ് ഹബീബ്(74) അന്തരിച്ചു. ഡിമൻഷ്യ, പാർക്കിൻസൺസ് രോഗങ്ങൾ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. 1965 മുതൽ 1976 വരെ ദേശീയ കുപ്പായം അണിഞ്ഞ ഹബീബ് 1970-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ടീമിലും അംഗമായിരുന്നു.
ഇന്ത്യൻ ഫുട്ബോളിലെ ആദ്യ പ്രൊഫഷണൽ താരം എന്നറിയപ്പെടുന്ന താരമാണ് ഹബീബ്. രാജ്യത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായിരുന്നു. കളി മെനയാനും കളിപ്പിക്കാനും അസാമാന്യ കഴിവുണ്ടായി. 1965 മുതൽ 76 വരെ ഇന്ത്യൻ ടീമിനായി പല പ്രധാന ടൂർണമെന്റുകളിലും കളിച്ചു. അതിലെ ഏറ്റവുംമികച്ച ഏടായിരുന്നു 1970ലെ ഏഷ്യൻ ഗെയിംസ്. ബാങ്കോക്കിൽ നടന്ന കളിയിൽ 1-0ന് ജപ്പാനെ തോൽപ്പിച്ചാണ് വെങ്കലം നേടിയത്. പി കെ ബാനർജിയായിരുന്നു ഇന്ത്യൻ ടീം പരിശീലകൻ.
ഹൈദരാബാദിലെ സിറ്റി കോളജിൽ നിന്ന് ഫുട്ബോൾ ജീവിതം ആരംഭിച്ച ഹബീബ് ഈസ്റ്റ് ബംഗാളിനൊപ്പം കൊൽക്കത്തയിലെയും രാജ്യത്തെയും പ്രമുഖ ട്രോഫികളെല്ലാം സ്വന്തമാക്കി. മോഹൻ ബഗാൻ, മുഹമ്മദൻ സ്പോർടിംഗ്, ഈസ്റ്റ് ബംഗാൾ എന്നീ മുന്ന് കൊൽക്കത്ത വമ്പന്മാരെയും നയിച്ച നായകനെന്ന ഖ്യാതിയും ഹബീബിനുണ്ട്. ഹൈദരാബാദുകാരനായിരുന്നെങ്കിലും സന്തോഷ് ട്രോഫിയിൽ ബംഗാളിനുവേണ്ടിയാണ് കളിച്ചത്. 1969ൽ ബംഗാൾ ചാമ്പ്യൻമാരായപ്പോൾ 11 ഗോളുമായി ഈ ഹൈദരാബാദുകാരൻ ടോപ് സ്കോററായി.
1977 സെപ്തംബറിൽ ന്യൂയോർക്ക് കോസ്മോസ് കൊൽക്കത്തയിൽ കളിക്കാനെത്തിയപ്പോൾ മോഹൻ ബഗാനുവേണ്ടി ഹബീബും ഇറങ്ങി. പെലെയ്ക്കൊപ്പം കർലോസ് ആൽബെർട്ടോ, ജോർജിയോ ചിനാഗ്ലിയ തുടങ്ങിയ താരനിരയായിരുന്നു കോസ്മോസിന്. കോസ്മോസ്–ബഗാൻ മത്സരം 2–-2നാണ് അവസാനിച്ചത്. മത്സരത്തിൽ ബഗാനുവേണ്ടി ഹബീബ് ഒരു ഗോളടിച്ചു. മത്സരത്തിനുശേഷം ഹബീബിനെ പെലെ അഭിനന്ദിച്ചു.
വിരമിച്ചശേഷം ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പരിശീലകനായി. 1980 രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. അവസാനകാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടി. ഓർമശക്തിയും കുറഞ്ഞു.