സിംല : മഴക്കെടുതി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ മരണം 51 ആയി. വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. സംസ്ഥാനം പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്. മേഘവസ്ഫോടനത്തിലും മണ്ണിടിച്ചിലിലുമായി 51 പേര് മരിച്ചതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു അറിയിച്ചു. സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികള്‍ ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. അയല്‍സംസ്ഥാനമായ ഉത്തരാഖണ്ഡിലും സമാനമായ സാഹചര്യമാണ്. നാലുപേര്‍ മരിച്ചു. പത്ത് പേരെ കാണാതായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
സിംലയിലും സോളനിലും ഉണ്ടായ മണ്ണിടിച്ചിലില്‍ 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. സിംലയിലെ സമ്മര്‍ഹില്‍ പ്രദേശത്ത് തകര്‍ന്ന ശിവക്ഷേത്രത്തിന് അടിയില്‍ കുടുങ്ങിയ ആളുകള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അവിടെ നിന്ന് പതിനൊന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. നിര്‍ത്താതെ തുടരുന്ന മഴയും തകര്‍ന്ന റോഡുകളും രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു.
മഴക്കെടുതി കാരണം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളെല്ലാം ഒഴിവാക്കി. മണാലിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ സിംലയിലേക്ക് മാറ്റി. പതാക ഉയര്‍ത്തല്‍, പരേഡ്, മുഖ്യമന്ത്രിയുടെ പ്രസംഗം മാത്രമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടി ചുരുക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കന്നതിനാല്‍ പൊലീസുകാരും സംസ്ഥാനദുരന്തനിവരാണ സേന ഉദ്യോഗസ്ഥന്മാരും ചടങ്ങില്‍ പങ്കെടുക്കുന്നില്ല.
ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്ഫോടനത്തില്‍ സോളന്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര് മരിച്ചു. ഇതേ സ്ഥലത്തു തന്നെ രണ്ട് വീടുകള്‍ ഒലിച്ചുപോകുകയും രണ്ട് പേര് മരിക്കുകയും ചെയ്തു. ആറു പേരെ രക്ഷിച്ചു. ബലേര പഞ്ചായത്തില്‍ വീടു തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി.
ഞായറാഴ്ച മുതല്‍ അതിശക്തമായ മഴയാണ് ഹിമചല്‍ പ്രദേശില്‍ പെയ്യുന്നത്. ഞായറാഴ്ച കംങ്റയില്‍ 273 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. ധര്‍മശാലയില്‍ 250 മില്ലിമീറ്ററും സുന്ദര്‍നഗറില്‍ 168 മില്ലീ മീറ്റര്‍ മഴയും പെയ്തു. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. 752 റോഡുകള്‍ തകര്‍ന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ 4 പേര് മരിച്ചു. 9 പേരെ കാണാതായി. കനത്ത മഴ കണക്കിലെടുത്ത് ചാര്‍ധാം യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തി വച്ചു.