ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിലേറുമെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന നേട്ടങ്ങൾ എണ്ണി പറയാൻ അടുത്ത വർഷവും ചെങ്കോട്ടയിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘കുടുംബാധിപത്യവും പ്രീണനവും ഇന്ന് നമ്മുടെ രാജ്യത്തെ നശിപ്പിച്ചിരിക്കുന്നു. ഒരു കുടുംബം മാത്രം ഒരു രാഷ്ട്രീയ പാർട്ടിയുടെ ചുമതലയിലെത്തുന്നത് എങ്ങനെയാണ്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതമന്ത്രം കുടുംബത്തിന്റെ പാർട്ടിയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്നത് ഉറപ്പാണ്. 2014ൽ ഞങ്ങൾ അധികാരത്തിലെത്തുമ്പോൾ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. 140 കോടി ഇന്ത്യക്കാരുടെ പ്രയത്നത്താൽ ഇന്ന് നമ്മൾ അഞ്ചാം സ്ഥാനത്തെത്തി. ഇത് വെറുതെ സംഭവിച്ചതല്ല. അഴിമതിയുടെ ഭൂതം രാജ്യത്തെ അതിന്റെ പിടിയിലാക്കിയിരിക്കുകയായിരുന്നു. അതിൽ നിന്ന് മോചിപ്പിച്ച് എല്ലാ ചോർച്ചകളും അടച്ച് ഞങ്ങൾ ശക്തമായ സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചു.’ – മോദി പറഞ്ഞു.
ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജസ്ഥാൻ സ്റ്റൈലിലുള്ള ബഹുവർണ തലപ്പാവ് ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. ഈ വർഷം അവസാനം രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്.