ന്യൂഡൽഹി : രാജ്യത്തെ ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി. ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി വ്യക്തമാക്കി.രാജ്യത്തെ ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചട്ടങ്ങൾ കൂടുതൽ കർശനമാക്കാതെ ചാനലുകൾ അതെല്ലാം കൃത്യമായി പാലിക്കുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ്മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ സംബന്ധിച്ച് ബോംബെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് എതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. എന്‍ബിഎ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തിയത് അപര്യാപ്തമാണ്. ഇത് 2008ല്‍ ഉള്ള പിഴയാണ്. ഇത്തരത്തിലുള്ള ഒരു വാര്‍ത്ത സംപ്രേഷണം ചെയ്താലുള്ള വരുമാനം അതിലും എത്രയോ അധികമാണ്.മാധ്യമ വിചാരണ കോടതിയലക്ഷ്യമായി കണക്കാക്കാമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം വിമര്‍ശനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത് തള്ളിക്കൊണ്ടാണ് മാധ്യമങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതിനെ സംബന്ധിച്ച് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
ചാനലുകൾക്ക് സ്വയം നിയന്ത്രണസംവിധാനമുണ്ടെന്ന ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷന്റെ (എൻബിഡിഎ) വാദം കോടതി തള്ളി.ചാനലുകളുടെ നിയന്ത്രണം സംബന്ധിച്ച് സുപ്രീംകോടതി മുൻജഡ്ജിമാരായ എ കെ സിക്രി, ആർ വി രവീന്ദ്രൻ എന്നിവരുടെ അഭിപ്രായങ്ങൾ തേടാൻ എൻബിഡിഎയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ്ദത്തറിനോട് സുപ്രീംകോടതി നിർദേശിച്ചു. ചാനലുകളുടെ സ്വയംനിയന്ത്രണസംവിധാനം ഒട്ടും ഫലപ്രദമല്ലെന്ന് ബോംബെ ഹൈക്കോടതിയും നേരത്തെ വിമർശിച്ചിരുന്നു. ചട്ടങ്ങൾ ലംഘിക്കുന്ന ചാനലുകൾക്ക് ഒരു ലക്ഷം മാത്രം പിഴ ചുമത്തിയ എൻബിഡിഎ നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇതിന് എതിരെ എൻബിഡിഎ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.