ലണ്ടന്‍ : കൗണ്ടി ഏകദിനത്തില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഇന്ത്യന്‍ താരം പൃഥ്വി ഷാ. കൗണ്ടിയിലെ വണ്‍ഡേ കപ്പില്‍ നോര്‍ത്താംടണ്‍ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബിനായി കളത്തിലിറങ്ങിയ ഷാ ഡറമിനെതിരേ 76 പന്തില്‍ നിന്ന് പുറത്താകാതെ 125 റണ്‍സ് അടിച്ചെടുത്ത് ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. നേരത്തേ സോമര്‍സെറ്റിനെതിരായ ആദ്യ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടി റെക്കോഡിട്ട പ്രകടനത്തിനു പിന്നാലെയാണ് ഷായുടെ മറ്റൊരു വെടിക്കെട്ട് ബാറ്റിങ്. അന്ന് 153 പന്തില്‍ നിന്ന് 11 സിക്സും 28 ഫോറുമടക്കം 244 റണ്‍സാണ് ഷാ അടിച്ചുകൂട്ടിയത്.
നോര്ത്താംടണ്ഷെയറിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഡറം 43.2 ഓവറില്‍ 198 റണ്‍സിന് ഓള്‍ഔട്ടായി. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നോര്‍ത്താംടണ്‍ഷെയര്‍ 25.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഏഴ് സിക്സും 15 ഫോറും അടങ്ങുന്നതായിരുന്നു ഷായുടെ ഇന്നിങ്സ്. നിലവില്‍ ടീം ഇന്ത്യയുടെ ഒരു ഫോര്‍മാറ്റിലും ഷായെ ടീമിലെടുത്തിട്ടില്ല. 2021 ജൂലായിലാണ് താരം അവസാനമായി ദേശീയ ജേഴ്സിയില്‍ കളിച്ചത്. ഈ സെഞ്ചുറിയോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും താരം പിന്നിട്ടു. 57 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. 57.66 ശരാശരിയില്‍ 10 സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളുമടക്കമാണ് താരത്തിന്റെ നേട്ടം.