തിരുവനന്തപുരം : സിപിഎമ്മിന് ആരുമായും പിണക്കമില്ലെന്നും നയത്തിനനുസരിച്ചാണ് പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ആരെയും ശത്രുപക്ഷത്ത് അന്നും ഇന്നും നിര്ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും സമദൂരമാണെന്ന് എന്‍എസ്എസ് പറയാറുണ്ട്. സമദൂരം പലപ്പോഴും സമദൂരമാകാറില്ല. എന്‍എസ്എസ് അത്രയും പറഞ്ഞത് നല്ലതെന്നും ഗോവിന്ദന് പറഞ്ഞു.
ഒരു സ്ഥാനാര്‍ഥിയെന്ന നിലയില്‍ ആരെയും കാണാം. സാമൂദായിക നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവോട്ടര്‍മാരെയും പ്രത്യേകം പ്രത്യേകം കാണാനാണ് സിപിഎം തീരുമാനും. സാമൂദായിക നേതാക്കളെ കാണുന്നത് എങ്ങനെ തിണ്ണ നിരങ്ങലാവുമെന്നും ഗോവിന്ദന് ചോദിച്ചു. സുകുമാരന്‍ നായരെയും വെള്ളാപ്പള്ളി നടേശനെയും മറ്റ് സാമൂദായിക നേതാക്കന്മാരെയും കാണും. അതൊക്കെ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ്. പുരോഗമനപാര്‍ട്ടി മതസാമുദായിക നേതാക്കളെ കാണുന്നത് ശരിയായ നിലപാടാണോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; സിപിഎം പുരോഗമന സ്വഭാവമുള്ള പാര്‍ട്ടിയാണെങ്കിലും പുരോഗമനസ്വഭാവമില്ലാത്തവര്ക്കും വോട്ടുണ്ട്.
ഗണപതി പരാമര്‍ശത്തിലും മാസപ്പടി വിവാദത്തിലും പറയാനുള്ളതെല്ലാം സിപിഎം നേരത്തെ പറഞ്ഞുകഴിഞ്ഞു. അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ തുടര്‍ന്നെങ്കിലും ഗോവിന്ദന് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.