ആലപ്പുഴ : സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ മരുന്നുകുറിക്കലിൽ പിടിമുറുക്കി സർക്കാർ. കുറിപ്പടി നിരീക്ഷിക്കാനായി എല്ലാ സർക്കാർ ആശുപത്രികളിലും പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുകയാണ് പ്രധാനലക്ഷ്യം. ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾ കുറിക്കുന്നതിനും നിയന്ത്രണംവരും. ആശുപത്രികളിലുള്ള ജനറിക് മരുന്നുകൾ പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് ഓഡിറ്റ് കമ്മിറ്റി ഉറപ്പാക്കണമെന്നാണ് നിർദേശം. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കി. എല്ലാ സ്ഥാപനങ്ങളിലും ഇതു നിരീക്ഷിക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയുണ്ടാക്കണം. സ്ഥാപനമേധാവി ചെയർമാനായും റീജണൽ മെഡിക്കൽ ഓഫീസർ (ആർ.എം.ഒ), ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയർ മെഡിക്കൽ ഓഫീസർ, സ്റ്റോർ കസ്റ്റോഡിയൻ എന്നിവരാകും അംഗങ്ങൾ. ഒരു മെഡിക്കൽ ഓഫീസർമാത്രമുള്ള സ്ഥാപനങ്ങളിൽ അതിന്റെ പരിധിയിലുള്ള ബ്ലോക്ക് മെഡിക്കൽ ഓഫീസർ ചെയർമാനായും സ്ഥാപനമേധാവി, സ്റ്റോർ കസ്റ്റോഡിയൻ എന്നിവർ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിക്കണം. എല്ലാമാസവും കമ്മിറ്റി പരിശോധന നടത്തി അപാകമുണ്ടെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസർക്കു കൈമാറണമെന്നും ഉത്തരവിലുണ്ട്.
എല്ലാ ഡോക്ടർമാരും ഒ.പി. ചീട്ടിൽ മരുന്നുകുറിക്കുമ്പോൾ ചില നിബന്ധനകൾ പാലിക്കണം ആശുപത്രിയിലില്ലാത്ത മരുന്നുകൾ അനാവശ്യമായി കുറിക്കരുത്. ബ്രാൻഡഡ് മരുന്നുകളുൾപ്പെടെ കുറിക്കുന്നത് ഇതിലൂടെ തടയാനാകുമെന്നാണ് വിലയിരുത്തൽ. ഹൗസ് സർജൻസി ചെയ്യുന്നവർ നൽകുന്ന കുറിപ്പുകൾക്ക് മെഡിക്കൽ ഓഫീസർമാരുടെ മേൽനോട്ടമുണ്ടാകണം. ഫാർമസിയിലെത്തുന്ന മരുന്നുചീട്ടുകളിൽ നിബന്ധന പാലിക്കാത്ത മരുന്നുകൾ വിതരണംചെയ്യരുത്. ഒ.പി. ചീട്ടുകളിൽ അപാകമുണ്ടെങ്കിൽ സ്റ്റോർ കസ്റ്റോഡിയൻ വഴി കമ്മിറ്റിക്കു റിപ്പോർട്ടുനൽകണം. ഫാർമസിസ്റ്റുമാർക്കുപോലും വായിക്കാനാകാത്ത കുറിപ്പടികളെഴുതുന്ന ഡോക്ടർമാർക്ക് പുതിയ നടപടി തിരിച്ചടിയാകും
നിലവിൽ സർക്കാർ ആശുപത്രികളിൽ മാത്രം കമ്മിറ്റി രൂപവത്കരിക്കാനാണു നിർദേശം. സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയതിൽ ഒരുവിഭാഗം സർക്കാർ ഡോക്ടർമാർക്ക് അതൃപ്തിയുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരാണ് അനാവശ്യമായി മരുന്നുകുറിക്കുന്നതെന്നാണ് സർക്കാർ ഡോക്ടർമാരുടെ വാദം. ബ്രാൻഡഡ് മരുന്നുകൾ ഏറെ കുറിക്കുന്നതും അവരാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
നല്ല തീരുമാനം എന്ന് ഐ.എം.എ. സംസ്ഥാനപ്രസിഡന്റ് ഡോ. സുൾഫി നൂഹ്. ആശുപത്രികളിൽ കുറിപ്പടി പരിശോധിക്കാൻ സമിതി വരുന്നത് നല്ല കാര്യമാണ്. ഗുണനിലവാരമുള്ള മരുന്നു കുറിക്കാൻ സഹായിക്കും. അതേസമയം, ജനറിക് മരുന്നുകൾ എല്ലാം ഗുണനിലവാരമുള്ളതല്ലെന്ന പ്രശ്നം നിലനിൽക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.