ലൗഡര്‍ഹില്‍ : ഇന്ത്യക്കെതിരായ നാലാം ടി20യില്‍ 179 റണ്‍സ് വിജയ ലക്ഷ്യം വച്ച് വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് കണ്ടെത്തിയത്.
ഷിമ്രോണ്‍ ഹെറ്റ്മെയര്‍ നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് വന്നതാണ് കളിയുടെ ഹൈലൈറ്റ്. അര്‍ധ സെഞ്ച്വറിയുമായി താരം ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. നാല് സിക്സും മൂന്ന് ഫോറും സഹിതം ഹെറ്റ്മെയര്‍ 39 പന്തില്‍ 61 റണ്‍സുമായി മടങ്ങി. അവസാന ഓവറിലെ രണ്ടാം പന്തിലാണ് താരം മടങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിനായി കെയ്ല്‍ മെയേഴ്സ് മിന്നല്‍ തുടക്കമാണ് നല്‍കിയത്. ഏഴ് പന്തില്‍ 17 റണ്‍സെടുത്ത താരം ഒരു സിക്സും രണ്ട് ഫോറും അടിച്ചു. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ മെയേഴ്സിനെ അര്‍ഷ്ദീപ് സിങ് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളില്‍ എത്തിച്ചു. സഹ ഓപ്പണര്‍ ബ്രണ്ടന്‍ കിങ്സ് 18 റണ്‍സുമായി മടങ്ങി. ടീമില്‍ അവസരം കിട്ടിയ ഷായ് ഹോപ് 29 പന്തില്‍ 45 റണ്‍സുമായി പോരാട്ടം നയിച്ചു. അതിനിടെ മികച്ച ഫോമിലുള്ള നിക്കോളാസ് പുരന്, ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ എന്നിവരെ തുടരെ നഷ്ടമായത് ആതിഥേയരെ ബാധിച്ചു. ഇരുവരും ഓരോ റണ്ണുമായി മടങ്ങി. തൊട്ടുപിന്നാലെ ജാസന്‍ ഹോള്‍ഡറും മടങ്ങി. അതിനിടെ റൊമാരിയോ ഷെഫേര്‍ഡും കൂടാരം കയറി. ഈ ഘട്ടത്തിലെല്ലാം മറു ഭാഗത്ത് ഹെറ്റ്മെയര്‍ പതുക്കെ മുന്നേറി. കളിയുടെ അവസാന ഘട്ടത്തില്‍ താരത്തിന്റെ കൂറ്റനടികള്‍ വിന്‍ഡീസിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചു. കളി തീരുമ്പോള്‍ ഒഡീന്‍ സ്മിത്ത് 15 റണ്‍സുമായും അകീല്‍ ഹുസൈന് അഞ്ച് റണ്‍സുമായും പുറത്താകാതെ നിന്നു. സ്മിത്ത് സ്ക്സര്‍ പറത്തി ടീം സ്കോര്‍ ഇത്രയും എത്തിക്കുകയായിരുന്നു.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.