കൽപ്പറ്റ : വയനാടൻ ജനതയുടെ സ്നേഹത്തിനും ആദരവിനും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. ലോക്സഭാംഗത്വം നിയമയുദ്ധത്തിലൂടെ വീണ്ടെടുത്തതിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുൽ കൽപ്പറ്റയിൽ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണത്തിൽ പ്രസംഗിക്കവേയാണ് വയനാടൻ ജനതയോടുള്ള നന്ദി അറിയിച്ചത്.
എംപി പദവിയിൽ നിന്ന് പുറത്താക്കാൻ ബിജെപി ആസൂത്രണം ചെയ്ത പദ്ധതി വയനാടുമായുള്ള തന്റെ ബന്ധത്തിന്റെ ഇഴയടുപ്പം വർധിക്കുന്നതിന് സഹായകമായെന്ന് രാഹുൽ പറഞ്ഞു. കുടുംബത്തിൽ ശൈഥില്യത്തിന് പുറമേയുള്ളവർ കരുക്കൾ നീക്കുന്പോൾ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയാണ് ചെയ്യുന്നത്. ഇതാണ് താനും വയനാടുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും സംഭവിച്ചത്. സംരക്ഷിക്കുന്നതും പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിൽക്കുന്നതുമാണ് കുടുംബം. അയോഗ്യനാക്കാനുള്ള ശ്രമം നൂറുവട്ടം ആവർത്തിച്ചാലും മോദിയുടെയും കൂട്ടരുടെയും പദ്ധതികൾ വിലപ്പോകില്ല. കുടുംബങ്ങളെ ശിഥിലമാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി. ഇന്ത്യ എന്ന കുടുംബത്തെയാണ് ബിജെപി നിഗ്രഹിക്കുന്നത്. മോദിയുടെ നശീകരണ രാഷ്ട്രീയം മണിപ്പുർ എന്ന കുടുംബത്തെ ശിഥിലമാക്കി. രണ്ടു പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ ഉത്തർ പ്രദേശിലടക്കം ദുരന്തമുഖങ്ങളിൽ എത്തിയിട്ടുണ്ട്. എന്നാൽ ഏറ്റവും അധികം വേദനിപ്പിച്ചത് മണിപ്പുർ സന്ദർശനത്തിലെ അനുഭവങ്ങളാണ്. ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചപ്പോൾ വനിതകളിൽ ചിലർ വെളിപ്പെടുത്തിയ പീഡനാനുഭവങ്ങൾ ഹൃദയത്തിൽ തറച്ചുകയറുന്നതായി. ഇതേക്കുറിച്ച് പാർലമെന്റിൽ സംസാരിച്ചപ്പോൾ പ്രധാനമന്ത്രിയും കാബിനറ്റ് അംഗങ്ങളും പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും താമാശ പറയുകയുമാണ് ചെയ്തതെന്ന് രാഹുൽ പറഞ്ഞു.