ചാത്തന്നൂർ : കെഎസ്ആർടിസിയിൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് ഡ്രൈവർ കം കണ്ടക്ടർമാരായി (ഡിസി) തസ്തിക മാറ്റാം. താല്പര്യമുള്ള ജീവനക്കാർ ഇതിനുള്ള അപേക്ഷയും സമ്മതപത്രവും യൂണിറ്റ് ഓഫിസർമാർ മുഖേന സമർപ്പിക്കണം. ഡ്രൈവർ കം കണ്ടക്ടർ കേഡർ തസ്തിക നിയമനത്തിന് വ്യക്തത വരുത്തികൊണ്ട് പുതിയ ഉത്തരവിറക്കി.
ഇപ്പോൾ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ജോലി ചെയ്യുന്നവർ പുതിയ അപേക്ഷ നല്കേണ്ടതില്ല. എന്നാൽ നിലവിലെ നിയമ വ്യവസ്ഥകൾ പാലിക്കുന്നതാണെന്ന് പുതിയ സത്യവാംഗ്മൂലം നല്കണം. അല്ലെങ്കിൽ രണ്ട് അധിക ഇൻക്രിമെന്റുകൾ അനുവദിക്കില്ലെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഡ്രൈവർ കം കണ്ടക്ടർമാരായി ജോലി ചെയ്യുന്നവരുടെ എണ്ണം തുച്ഛമാണ്. അതാണ് നിലവിലെ ജീവനക്കാരെ ഈ തസ്തികയിലേയ്ക്ക് മാറ്റാൻ മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്. അപകടരഹിത പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കാൻ കഴിഞ്ഞ മാസം തീരുമാനമെടുത്തിരുന്നു.
താല്പര്യമുള്ള ചില ജീവനക്കാർ തസ്തിക മാറ്റത്തിലൂടെ നിലവിൽ ഡിസിമാരായി ജോലി ചെയ്യുന്നുണ്ട്. ഉദ്യോഗാർത്ഥികൾ രംഗത്ത് വരാത്തതിനാൽ നിലവിലെ ജീവനക്കാരെതന്നെ തസ്തിക മാറ്റത്തിലുടെ സിസിമാരാക്കാനാണ് നീക്കം. ദീർഘദൂര സർവീസുകളിലും അന്തർസംസ്ഥാന സർവീസുകളിലുമായിരിക്കും ഇവരുടെ സേവനം. ഡി സി എന്ന കേഡർ തസ്തിക സൃഷ്ടിച്ചുകൊണ്ട് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇന്ത്യയിലെ പല റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലും ഈ സംവിധാനമുണ്ട്. കേരളത്തിൽ കെ സ്വിഫ്റ്റിലും ചില സ്വകാര്യ ട്രാൻസ്പോർട്ട് സ്ഥാപനങ്ങളിലും ഡ്രൈവർ കം കണ്ടക്ടർ തസ്തിക നടപ്പാക്കിയിട്ടുണ്ട്. ഡ്രൈവർമാരുടെ ക്ഷീണം, ഉറക്കമില്ലായ്മ എന്നിവകൊണ്ടുള്ള അപകടങ്ങൾ കുറയ്ക്കാൻ ഡിസി സംവിധാനത്തിന് കഴിയും. ഡ്രൈവർമാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താനും ഇതുപകരിക്കും എന്നാണ് വിലയിരുത്തൽ.