ചെന്നൈ : ഐപിസി, സിആർപിസി, എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ നിയമസംഹിതകൾക്ക് ഹിന്ദി പേര് നൽകിയത് പ്രാദേശിക ഭാഷകളെയും ഇംഗ്ലിഷിനെയും ഒതുക്കാനുള്ള ശ്രമമാണെന്ന ആരോപണം ശക്തമാക്കി ഡിഎംകെ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് ബില്ലുകളും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഡിഎംകെ എംപി പി. വിൽസൺ ആരോപിച്ചു. ബില്ലുകളുടെ പേര് ഉച്ചരിക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും. നിരവധി ഭാഷകളുള്ള രാജ്യത്ത് പൊതുഭാഷയായി ഇംഗ്ലിഷ് ആണ് ഉപയോഗിക്കേണ്ടത്. ബില്ലുകളുടെയും നിയമങ്ങളുടെയും പേരുകൾ ഇംഗ്ലിഷിലേക്ക് മാറ്റണമെന്നും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും വിൽസൺ പറഞ്ഞു.
നേരത്തെ, ബില്ലിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശക്തമായി രംഗത്തെത്തിയിരുന്നു. കോളനി കാലത്തെ നിയമങ്ങൾ പൊളിച്ചെഴുതാനെന്ന പേരിൽ, നവയുഗ കോളനിവൽക്കരണത്തിനാണ് ഹിന്ദി അടിച്ചേൽപ്പിക്കലിലൂടെ ബിജെപി ശ്രമിക്കുന്നതെന്ന് സ്റ്റാലിന് ആരോപിച്ചിരുന്നു.