ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതിയെ നിശ്ചയിക്കണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി ഭരണം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയതായി മമത ബാനര്‍ജി കുറ്റപ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷഷണറേയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കുന്നതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പങ്ക് സുപ്രധാനമാണെന്നും മമത ചൂണ്ടിക്കാട്ടി.
നീതിന്യായവ്യവസ്ഥയെ ബഹുമാനിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടയില്‍ ബി.ജെ.പി അരാജകത്വത്തിനു മുന്നില്‍ മുട്ടുമടക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ സമിതിയില്‍ ചീഫ് ജസ്റ്റിസിന്റെ പങ്ക് നിര്‍ണായകമാണ്. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാനാകില്ലല്ലോ എന്ന ബി.ജെ.പിയുടെ ആശങ്കയാണ് ഈ ബില്ലിനു പിന്നില്‍. നീതിന്യായവ്യവസ്ഥയോടുള്ള ഈ ലജ്ജാവഹമായ അവഗണനയെ രാജ്യം ചോദ്യം ചെയ്യുക തന്നെ വേണം. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ ഒരു മന്ത്രി നയിക്കുന്ന ‘കങ്കാരൂ കോടതി’യാക്കുകയാണോ സര്‍ക്കാരിന്റെ ലക്ഷ്യം?. ഇന്ത്യയ്ക്ക് വേണ്ടി ഞങ്ങള്‍ നീതിന്യായവ്യവസ്ഥയോട് പ്രാര്‍ഥിക്കുന്നു. മൈ ലോര്‍ഡ്, നമ്മുടെ രാജ്യത്തെ രക്ഷിക്കണം.- മമത എക്സില്‍ (ട്വിറ്റര്‍) കുറിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റു കമ്മിഷണര്‍മാരെയും നിയമിക്കാന്‍ പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിര്‍ദേശംചെയ്യുന്ന കാബിനറ്റ് മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിക്ക് അധികാരം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ബില്‍. നിയമമന്ത്രി അര്ജുന് റാം മേഘ്വാളാണ് രാജ്യസഭയില്‍ വ്യാഴാഴ്ച ഇത് അവതരിപ്പിച്ചത്. ബില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ ചരിത്രവിധിയെ മറികടക്കാനുള്ളതാണെന്നും ഇത് രാജ്യത്തെ ജനാധിപത്യത്തിന്റെ കറുത്തദിനമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ഇടതുപക്ഷവും എ.എ.പി.യും അടങ്ങുന്ന പ്രതിപക്ഷം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.