കോട്ടയം : നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. വഴിയോരത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ബിന്ദുവിന്(40) ആണ് വെട്ടേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
സംഭവത്തില്‍ കട്ടപ്പന സ്വദേശി ബാബുവിനെ(ചുണ്ടെലി ബാബു) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ കോട്ടയം മനോരമ ജംഗ്ഷന് സമീപമാണ് സംഭവം. വഴിയോരത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ബിന്ദുവിനെ ഇയാള്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ഇവരെ പോലീസുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയം ജില്ലാ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നല്കിയ ശേഷം ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
പ്രതി ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കാപ്പ നിയമപ്രകാരം ജയിലില്‍ ആയിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇരുവരും തമ്മില്‍ നേരത്തേയുണ്ടായ വഴക്കുകളുടെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് നിഗമനം.