ന്യൂഡല്‍ഹി : വിവാഹവാഗ്ദാനം നല്കി സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭാരതീയ ശിക്ഷ നിയമത്തിലാണ് ഇതു ഉള്‍പ്പെടുത്തിയത്.
വ്യക്തിത്വം മറച്ചുവച്ച് സ്ത്രീകളെ വിവാഹം കഴിക്കുക, വിവാഹമോ ജോലിക്കയറ്റമോ വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കുക തുടങ്ങിയവ 10 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസുകള്‍ കോടതിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഐപിസിയില്‍ വ്യവസ്ഥകളുണ്ടായിരുന്നില്ല.
വിവാഹേതര ബന്ധം, സ്വവർഗ ബന്ധം തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകളും ബില്ലിൽ നിന്നൊഴിവാക്കി. സുപ്രധാന വിധികളിലൂടെ ഭരണഘടനാവിരുദ്ധമെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കേന്ദ്ര നീക്കം. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന 497–ാം വകുപ്പും സ്വവർഗബന്ധം കുറ്റകരമാക്കുന്ന 377–ാം വകുപ്പും ഭരണഘടനാ വിരുദ്ധമെന്നായിരുന്നു സുപ്രീം കോടതി വിധി.
അതിനിടെ 18 വയസ്സിനു മുകളിലുള്ള സ്വന്തം ഭാര്യമായുള്ള ലൈംഗികബന്ധം, ലൈംഗിക പ്രവൃത്തികൾ എന്നിവ പീഡനപരിധിയിൽ വരില്ലെന്ന വ്യവസ്ഥ പുതിയ ബില്ലിലും നിലനിർത്തി. ഭാര്യയ്ക്ക് 18 വയസ്സിനു താഴെയാണു പ്രായമെങ്കിൽ ഇതു പീഡനമാകും. കൂട്ടബലാത്സംഗം നടത്തുന്നവര്‍ക്ക് 20 വര്‍ഷം തടവിന് ശിക്ഷിക്കും. പീഡനത്തിന് ഇരയാവുന്ന കുട്ടിയുടെ പ്രായം 18ല്‍ താഴെയാണെങ്കില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കും.
പുതിയ ബിൽ അംഗീകരിക്കപ്പെട്ടാൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ വകുപ്പുകൾ ശിക്ഷാനിയമത്തിൽ ഇനി ഒറ്റ അധ്യായനത്തിനു കീഴിലാകും. ബില്ലിലെ 5–ാം അധ്യായത്തിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, അക്രമം, വിവാഹവുമായി ബന്ധപ്പെട്ടവ, ഗർഭം അലസിപ്പിക്കൽ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ അധ്യായം. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പല അധ്യായങ്ങളിലാണ് ഈ വകുപ്പുകൾ നിലവിൽ ഉള്ളത്.