അമൃത്സർ : ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി. ശനിയാഴ്ച നടത്താനായി നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കണമെന്നാണ് കോടതി അറിയിച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹരിയാന റെസ്ലിംഗ് അസോസിയേഷൻ(എച്ച്ഡബ്ല്യുഎ) നൽകിയ ഹർജി പരിഗണിച്ചാണ് സ്റ്റേ നടപടിക്ക് കോടതി ഉത്തരവിട്ടത്.
ദേശീയ ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഹരിയാന അമച്വർ റെസ്ലിംഗ് അസോസിയേഷൻ(എച്ച്എഡബ്ല്യുഎ) എന്ന സംഘടനയ്ക്ക് അനുമതി നൽകിയത് റദ്ദാക്കണമെന്നാണ് എച്ച്ഡബ്ല്യുഎയുടെ ആവശ്യം. അതത് സംസ്ഥാനത്തെ ഒളിംപിക് അസോസിയേഷനിൽ അഫിലിയേഷനുള്ള സംഘടനയ്ക്കാണ് ദേശീയ ഫെഡറേഷനിൽ വോട്ട് ചെയ്യാൻ അനുവാദമെന്നും അത് തങ്ങളാണെന്നുമാണ് എച്ച്ഡബ്ല്യുഎ അവകാശപ്പെടുന്നത്. ദേശീയ ഫെഡറേഷന്റെ പിന്തുണ മാത്രം നേടി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എച്ച്എഡബ്ല്യുഎ പ്രതിനിധികളെ അനുവദിച്ച നടപടി റദ്ദാക്കണമെന്നാണ് ഹരിയാന റെസ്ലിംഗ് അസോസിയേഷൻ അറിയിച്ചത്. കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡ ആണ് ഹരിയാന റെസ്ലിംഗ് അസോസിയേഷൻ പ്രസിഡന്റ്.