കോഴിക്കോട് : മാവോവാദികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയ്ക്കു മുമ്പില്‍ സംഘം ചേരുകയും മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ ഗ്രോ വാസു ജയിലില്‍ തന്നെ തുടരും. ജാമ്യമെടുക്കാനില്ലെന്ന നിലപാട് ഗ്രോ വാസു കോടതിയെ അറിയിച്ചു. ഇതോടെ കോടതി ഗ്രോ വാസുവിന്റെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് 25വരെ നീട്ടി. തന്റെ പോരാട്ടം കോടതിയോട് അല്ലെന്നും ഭരണകൂടത്തോടാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് രണ്ടുതരം നീതിയാണെന്നും ഈ ഭരണകൂടം ജനങ്ങളെ അങ്ങേയറ്റം അടിമകളാക്കി വച്ചിരിക്കുകയാണെന്നും ഗ്രോ വാസു പറഞ്ഞു. ഇതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് അടുത്തിടെ ഹൈബി ഈഡന് എതിരെ ഉണ്ടായത്. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു, അങ്ങനെയെങ്കില്‍ എല്ലാവര്ക്കും നാലുമണിക്കൂര്‍ കിട്ടില്ലേ?. അതേക്കുറിച്ച ഈ രാജ്യത്തെ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ മിണ്ടിയോ?. അവരുടെ നേതാക്കന്മാര് എതിര്‍ത്തില്ലേ?. ജനങ്ങള്‍ മയക്കത്തിലാണ്. പിണറായി വിജയന് ഏറ്റവും വലിയ കമ്യൂണിസ്റ്റാണ്. എന്നാല്‍ അയാള്‍ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ആകാനാണ് ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് മനസിലാകുന്നില്ല. അത് മനസിലാകുന്നതുവരെ താന്‍ ജീവിച്ചിരിക്കുമെന്ന് തോന്നുന്നില്ല. എന്നാലും മരണം വരെ പോരാട്ടം തുടരുമെന്നും ഗ്രോ വാസു പറഞ്ഞു.
2016ലാണ് കേസിന് ആസ്പദമായ സംഭവം. മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തിന് പിന്നാലെ മൃതദേഹങ്ങള്‍ സൂക്ഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുമ്പില്‍ സംഘം ചേര്‍ന്നതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജൂലായ് 29ന് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.