തിരുവനന്തപുരം : ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് എല്ലാവര്ക്കും ബോധ്യമായതാണെന്ന് സിപിഎം നേതാവ് അനില്‍കുമാര്‍. കണ്ണീരൊഴുക്കി പുതുപ്പള്ളിയിലേക്ക് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ ചികിത്സയുടെ കാര്യത്തില്‍ കുടുംബം നിഷേധാത്മക നിലപാട് സ്വീകരിച്ചു. ഇതിന്റെ തെളിവുകള്‍ പൊതുമണ്ഡലത്തിലുണ്ട്. ചികിത്സയെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉന്നയിച്ചവര്‍ ഇന്നും പുതുപ്പള്ളിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് യുഡിഎഫുകാര്‍ ഓര്‍ക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു. ഇന്ന് കണ്ണീര് ഒഴുക്കുന്ന ആളുകള്‍ അത്തരം കാര്യങ്ങളില്‍ എടുത്ത നിലപാടിന്റെ പ്രത്യേകത കൊണ്ടാണ് വിഷയത്തിൽ ചരിത്രത്തില്‍ ഇല്ലാത്തവിധം സര്‍ക്കാരിന് ഇടപെടേണ്ടി വന്നത്. സര്‍ക്കാര്‍ ഇടപെടല്‍ ക്ഷണിച്ചുവരുത്തിയതില്‍ വിശദീകരണം നല്‍കേണ്ടത് പ്രതിപക്ഷനേതാവാണ്. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതിനാലാണ് ഇടതുസര്‍ക്കാരിലും മുഖ്യമന്ത്രിയിലും അവര്‍ക്ക് അഭയം പ്രാപിക്കേണ്ടിവന്നത്. അത് കോണ്‍ഗ്രസില്‍ അവര്‍ക്കുള്ള അവിശ്വാസമാണ്. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് തട്ടിപ്പിന്റെ കടയാണ് തുറന്നിരിക്കുന്നതെന്നും അനില്‍ കുമാര്‍ വിമർശിച്ചു.