തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ. ബാലൻ.
കരിമണൽ കന്പനിയിൽ നിന്നും പണം കൈപ്പറ്റിയ സംഭവത്തിൽ വീണയുടെ ഇടപാടുകൾ സുതാര്യമാണ്. വീണയുടെ കന്പനി ഇനിയും സേവനം കൊടുക്കും. അതിനനുസരിച്ചുള്ള വേതനവും വാങ്ങുമെന്നും ബാലൻ പറഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷം എന്ത് കൊണ്ട് നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നില്ല. മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷം ഭയപ്പെടുന്നു എന്നതാണ് കാരണം. രണ്ട് കന്പനികൾ തമ്മിലുള്ള ഇടപാടുകൾ നിയമവിരുദ്ധമല്ലെന്നും ബാലൻ വ്യക്തമാക്കി. ജുഡീഷൽ അന്വേഷണം വേണോയെന്ന ആവശ്യം ഇപ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ബാലൻ പറഞ്ഞു. വീണ വിജയനെതിരായ മാസപ്പടി വിവാദത്തിന് പിന്നിൽ പ്രത്യേക അജൻഡയുണ്ട്. പിണറായിക്ക് പണം നല്കിയെന്ന് കമ്പനി പറഞ്ഞിട്ടുണ്ടോ. ആദായനികുതി വകുപ്പ് വീണയോട് കാര്യങ്ങൾ ചോദിച്ചിട്ടില്ല. മാസപ്പടി വിവാദം കോൺഗ്രസിന് തിരിച്ചടിയാകും. കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാണ്. വിവാദത്തെ പരമപുച്ഛത്തോടെയാണ് സമൂഹം കാണുന്നത്. ദിവസവും ഓരോ വിവാദം ഉണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ബാലൻ കൂട്ടിച്ചേർത്തു.