മുംബൈ : ആര്‍ബിഐ മോണിറ്ററി പോളിസി സമിതി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വ്യാഴാഴ്ച പുറത്ത് വരാനിരിക്കെ റിപ്പോ നിരക്കില്‍ വര്‍ധനയുണ്ടായേക്കില്ലെന്ന് സൂചന. രാജ്യത്ത് പണപ്പെരുപ്പ ഭീതി നിലനില്ക്കുന്നതിനാലാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ റിപ്പോ നിരക്ക് ഉയര്‍ത്താത്ത തുടര്‍ച്ചയായ മൂന്നാം മോണിറ്ററി പോളിസി സമിതി യോഗമാകും ഇത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. ഇതിന് തൊട്ടുമുന്‍പ് 6.25 ശതമാനമായിരുന്നു റിപ്പോ നിരക്ക്. കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ 250 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് ആര്‍ബിഐ വരുത്തിയത്.
മോണിറ്ററി പോളിസി സമിതി യോഗത്തിലെടുത്ത സുപ്രധാന തീരുമാനങ്ങള്‍ നാളെ രാവിലെ പത്തിന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് പ്രഖ്യാപിക്കും. തക്കാളി വില ഉള്‍പ്പടെ ഉയര്‍ന്ന് നില്ക്കുന്ന വേളയിലാണ് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ജൂണില്‍ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 4.81 ശതമാനമായിരുന്നു. രണ്ട് ശതമാനം മുതല്‍ ആറ് ശതമാനം വരെയാണ് ആര്‍ബിഐയുടെ സഹനപരിധി. ഉപഭോക്തൃ വില സൂചിക (സിപിഐ) സംബന്ധിച്ച വിശദവിവരങ്ങള്‍ ഈ മാസം 14ന് ആര്‍ബിഐ പുറത്തിറക്കും.