ന്യൂഡൽഹി: പാർലമെന്റിൽ അവിശ്വാസ പ്രമേയചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫ്ലൈയിംഗ് കിസ് നൽകിയെന്ന് ഭരണപക്ഷ വനിതാ അംഗങ്ങൾ.
രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്ദലജെ സ്പീക്കർക്ക് പരാതി നൽകി. രാഹുലിനെതിരെ ശക്തമായ നടപടി വേണമെന്ന് ഭരണപക്ഷ വനിത അംഗങ്ങൾ ഒപ്പിട്ട കത്തിൽ ആവശ്യപ്പെട്ടു.
സ്ത്രീ വിരുദ്ധ നടപടിയാണ് രഹുലിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. സഭയിൽനിന്നും മടങ്ങുന്പോൾ രാഹുൽ ഫ്ലൈയിംഗ് കിസ് നൽകിയെന്നാണ് ആരോപണം. കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിക്കുന്നതിനിടെയാണ് രാഹുൽ പാർലമെന്റിൽനിന്നും മടങ്ങിയത്.
സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ വനിതാ എംപിമാർക്ക് ഫ്ലൈയിംഗ് കിസ് നൽകാൻ കഴിയൂ. ഇത്തരമൊരു സംഭവം മുമ്പ് കണ്ടിട്ടില്ല. ഇത് അദ്ദേഹത്തിന്റെ ചിന്തകളെയാണ് കാണിക്കുന്നത്. സ്ത്രീകൾക്ക് നേരെ അദ്ദേഹം നടത്തിയ അശ്ലീല പ്രയോഗമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.