യൂഡൽഹി : മണിപ്പുർ വിഷയത്തിലെ അവിശ്വാസപ്രമേയ ചർച്ചയിൽ മോദി സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ബിജെപി രാജ്യസ്നേഹികളല്ല, രാജ്യദ്രോഹികളാണ്. ജനങ്ങളെ തമ്മിലടിപ്പിച്ച് കലാപങ്ങൾ സൃഷ്ടിക്കുകയാണ് അവർ. മണിപ്പുരിൽ കൊല ചെയ്യപ്പെട്ടത് ഭാരത മാതാവാണെന്നും രാഹുൽ തുറന്നടിച്ചു.
പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ല. മോദി വിചാരിക്കുന്നത് മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ്. മണിപ്പുരിലെ ക്യാമ്പുകൾ താൻ സന്ദർശിച്ചു. സ്ത്രീകളും കുട്ടികളുമായി സംസാരിച്ചു. മണിപ്പുർ ഇപ്പോൾ രണ്ടായിരിക്കുകയാണ്. ഇന്ത്യയുടെ ശബ്ദം കേൾക്കാൻ മോദി തയാറല്ല. ഇന്ത്യയുടെ ശബ്ദമല്ലെങ്കിൽ പിന്നെ ആരുടെ ശബ്ദമാണ് മോദി കേൾക്കുകയെന്നും രാഹുൽ ചോദിച്ചു. മോദിയെ രാവണനോട് ഉപമിച്ച രാഹുൽ, പ്രധാനമന്ത്രി കേൾക്കുന്നത് അമിത് ഷായേയും അദാനിയേയും മാത്രമാണെന്നും വിമർശിച്ചു. എംപി സ്ഥാനം തിരിച്ച് നൽകിയതിൽ നന്ദി പറഞ്ഞാണ് പ്രമേയ ചർച്ചയിൽ രാഹുൽ സംസാരിച്ച് തുടങ്ങിയത്. രാഹുലിന്റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷം പലതവണ ബഹളംവച്ചു. ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയർത്തിയാണ് ബിജെപി രംഗത്തുവന്നത്. ഇതോടെ ഇന്നത്തെ തന്റെ പ്രസംഗം അദാനിയെക്കുറിച്ച് അല്ലെന്ന് ഭരണപക്ഷത്തെ ചൂണ്ടി രാഹുൽ പറഞ്ഞു. അദാനിയെപ്പറ്റി ഇന്ന് താൻ ഒന്നും പറയില്ല, നിങ്ങൾ പേടിക്കേണ്ട. താൻ അദാനിയെക്കുറിച്ച് പറഞ്ഞത് പ്രമുഖ നേതാവിന് പ്രശ്നമായി മാറിയെന്നും രാഹുൽ പരിഹസിച്ചു. താൻ ഇന്ന് പറയാൻ പോകുന്നത് ഹൃദയത്തിൽനിന്ന് വരുന്ന കാര്യങ്ങളാണെന്നും സൂഫി കവി റൂമിയെ ഉദ്ധരിച്ച് രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. കർഷകർ യാത്രയ്ക്കിടെ വേദനങ്ങൾ പങ്കുവച്ചു. ഇന്ത്യയെ മനസിലാക്കാൻ യാത്ര ഇനിയും തുടരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.