തിരുവനന്തപുരം : പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2021ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതി വിചാര ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. ഈ സര്‍ക്കാരിനെ ഒന്നുകൂടി തുറന്നുകാണിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ മാറ്റുമെന്ന് സതീശന് പറഞ്ഞു. ആശയപരമായും രാഷ്ട്രീയമായുമാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോലെ യുഡിഎഫ് ഒരുടീമായി തെരഞ്ഞെടുപ്പിനെ നേരിടും. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും സതീശന് പറഞ്ഞു.