തിരുവനന്തപുരം : എന്‍സിപി എംഎല്‍എ തോമസ്.കെ.തോമസിനെതിരേ പാര്‍ട്ടി നടപടി. എന്‍സിപിപി വര്‍ക്കിംഗ് കമ്മിറ്റില്നിന്ന് എംഎല്‍എയെ പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് നടപടിയെടുത്തത്. എംഎല്‍എ പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ചു എന്ന് ശശീന്ദ്രന് വിഭാഗവും പി.സി.ചാക്കോയും കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തന്നെ കൊലപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടന്നെന്ന ഗുരുതര ആരോപണമാണ് തോമസ്.കെ.തോമസ് ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎല്‍എ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. തന്റെ ഡ്രൈവറെ പണം കൊടുത്തു സ്വാധീനിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. താന്‍ ഇല്ലാതായാല്‍ കുട്ടനാട്ടില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലൂടെ ജയിക്കാനാണ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നയാളുടെ നീക്കമെന്നുമായിരുന്നു ആക്ഷേപം.