ബംഗളൂരു : ഓസ്കര് പുരസ്കാരം നേടിയ ഡോക്യുമെന്ററി ദി എലഫന്റെ വിസ്പറേഴ്സ് സംവിധായികയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബൊമ്മനും ബെല്ലിയും. രണ്ട് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ഡോക്യുമെന്ററിയിലൂടെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് പണമുണ്ടാക്കിയെന്നും എന്നാല്‍ ഇതില്‍ നിന്ന് തങ്ങള്‍ക്കൊന്നും നല്‍കിയില്ലെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.
ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്നോടിയായി തങ്ങള്‍ക്ക് വീട് വച്ചു നല്‍കാമെന്നും വാഹനം വാങ്ങി നല്‍കാമെന്നും സാമ്പത്തിക സഹായം ചെയ്യുമെന്നും പറഞ്ഞിരുന്നു. കൂടാതെ ഡോക്യുമെന്ററിയ്ക്ക് ലഭിക്കുന്ന വരുമാനത്തിന് അനുസൃതമായി ഒരു പങ്കുനല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല എന്നാണ് നോട്ടീസില്‍ പറയുന്നത്.
തങ്ങളെ യഥാര്‍ഥ ഹീറോകള്‍ എന്ന് പറഞ്ഞാണ് രാഷ്ട്രീയ നേതാക്കള്‍ക്കും കായികതാരങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കും അവര്‍ പരിചയപ്പെടുത്തിയത്. അതേ സമയം ഓസ്കര് നേട്ടത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പാരിതോഷികമായി നല്കിയ തുക അവര്‍ കൈക്കലാക്കിയെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
സംവിധായികയോട് ബൊമ്മനും ബെല്ലിക്കും അതൃപ്തിയുണ്ട് എന്നാണ് ഇവരുടെ അഭിഭാഷകനായ പ്രവീണ്‍ രാജ് പറയുന്നത്. ബെല്ലിയുടെ ചെറുമകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു എന്നാല്‍ ഇത് പാലിച്ചിക്കപ്പെട്ടില്ല. ഇതേക്കുറിച്ച് സംസാരിക്കാന്‍ ബൊമ്മന് പലതവണ നിര്‍മാതാവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെന്നും എന്നാല്‍ ഫോണ്‍ എടുത്തില്ല എന്നും പറയുന്നു.