ന്യൂഡല്‍ഹി : കലാപം രൂക്ഷമായ മണിപ്പൂരില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഹൈക്കോടതികളില്‍നിന്നു വിരമിച്ച മൂന്നു വനിതാ ജഡ്ജിമാരാണ് സമിതിയിലുള്ളത്. ജമ്മു കശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ മലയാളിയായ ആശ മേനോന്, ശാലിനി പി ജോഷി എന്നിവര്‍ അംഗങ്ങളാണ്. നിയമവാഴ്ച ഉറപ്പു വരുത്തുകയും ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കുകയുമാണ് കോടതി പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കലാപത്തിനിരയായവരുടെ പുനരവധിവാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമായിരിക്കും മുഖ്യമായും ജുഡീഷ്യല്‍ സമിതിയുടെ ചുമതല. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന്റെ വിശദമായ ഉത്തരവ് ഇന്നു വൈകിട്ട് പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വിശദീകരിക്കുന്നതിന് മണിപ്പുര്‍ ഡിജിപി രാജീവ് സിങ് ഇന്നു നേരിട്ടു കോടതിയില്‍ ഹാജരായി. കലാപം അടിച്ചമര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ ഡിജിപി വിശദീകരിച്ചു. കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങളും ഡിജിപി അറിയിച്ചു. സര്‍ക്കാര്‍ പക്വതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതൈന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ ആര് വെങ്കടരമണി കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി.