തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ പള്ളിക്കുപുറത്ത് ബാങ് വിളികേട്ടിട്ടില്ലെന്ന പരാമര്‍ശം നടത്തിയത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് മന്ത്രി സജി ചെറിയാന്. സഹയാത്രികനില്‍ നിന്ന് മനസിലാക്കിയ കാര്യങ്ങളാണ് പ്രസംഗിച്ചത്. തെറ്റിദ്ധാരണ മാറ്റണമെന്ന് ഫെയ്സ്ബുക്കിലൂടെ മന്ത്രി അഭ്യര്‍ഥിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
‘ഞാന്‍ പോയ ഒരിടത്തും ബാങ്ക് വിളി കേട്ടില്ല. കൂടെ വന്ന ആളോട് ചോദിച്ചു. ഇവിടെ നിന്ന് ബാങ്കുവിളിയൊന്നും കേള്‍ക്കുന്നില്ലല്ലോ?. അയാള്‍ പറഞ്ഞു കുഴപ്പമൊന്നുമില്ല, പുറത്തുകേട്ടാല്‍ വിവരം അറിയും. എന്നെ അത്ഭുതപ്പെടുത്തി. ബാങ്കുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അത് പൊതുജനത്തിന് ശല്യമാണ്. അത് പാടില്ല. അതാണ് അവരുടെ നിയമം. എല്ലാവര്ക്കും പള്ളിയില്‍ പോയി പ്രാര്‍ഥിക്കാം. എത്ര സ്വാതന്ത്യത്തോടുകൂടിയാണ് അവരെല്ലാം പ്രാര്‍ഥിച്ചുപോകുന്നത്. ഇവിടെയെങ്ങാന്‍ ആണെങ്കില്‍ ഒരു പള്ളിയുടെ പരിസരത്ത് കൂടി പോകാന്‍ പറ്റുമോ?.’- എന്നായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം സൗദിയിലെ മതാനുഷ്ഠാനങ്ങളെ സംബന്ധിച്ചും ഇതര നാട്ടുകാരോട് അവര്‍ കാണിക്കുന്ന സ്നേഹത്തെക്കുറിച്ചും സഹയാത്രികന് പറഞ്ഞതാണ് പരാമര്‍ശിച്ചത്. മതസൗഹാര്‍ദത്തിന്റെ മികച്ച മാതൃക സൗദിയില്‍ കാണാനായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനെ സംബന്ധിച്ചും സംസാരിച്ചതായും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.
സജി ചെറിയാന്റെ കുറിപ്പ്.
ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്. മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.