മലപ്പുറം: കരിപ്പൂർ വിമാന അപകടം നടന്ന് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു. സ്വന്തം ജീവൻ പണയംവെച്ച് രക്ഷപ്രവർത്തനം നടത്തിയവർക്കുള്ള നന്ദി സൂചകമായി നെടിയിരുപ്പ് ഫാമിലി ഹെൽത്ത് സെന്ററിന് അപകടത്തിൽ മരിച്ചവരുടെ ആശ്രിതരും രക്ഷപെട്ടവരും ചേർന്ന് പുതിയ കെട്ടിടം നിർമിച്ച് നൽകും.
2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന അപകടം ഉണ്ടായത്. റൺവേക്ക് പുറത്ത് പോയി താഴ്ച്ചയിലേക്ക് വീണ എയർ ഇന്ത്യ വിമാനം മൂന്നു കഷ്ണങ്ങളായി മാറി. 21 പേരാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോവിഡ് കാലത്ത് സ്വന്തം സുരക്ഷ പരിഗണിക്കാതെയാണ് നാട്ടുകാർ രക്ഷപ്രവർത്തനം നടത്തിയത്. ഈ നാട്ടുകാർക്ക് ആദരവ് അർപ്പിച്ചാണ് നെടിയിരിപ്പ് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയകെട്ടിടം നിർമ്മിക്കാൻ വിമാന അപകടത്തിൽ നിന്നും രക്ഷപെട്ടവരും മരിച്ചവരുടെ കുടുംബങ്ങളും തീരുമാനിച്ചത്. അപകടം നടന്നതിന് പിന്നാലെ വലിയ വിമാനങ്ങൾ പൂർണ്ണമായി നിർത്തിവെച്ചു. റൺവേ നവീകരിച്ചാൽ മാത്രമെ വലിയ വിമാനങ്ങൾ ഇറക്കനാവൂ. റൺവെയുടെ നീളം വർദ്ധിപ്പിക്കാനായി ഭൂമി ഏറ്റെടുക്കാനുളള നടപടികൾ ഉടൻ ആരംഭിക്കും.