മെൽബൺ: ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക പുറത്ത്. പ്രീക്വാർട്ടറിൽ സ്വീഡൻ അമേരിക്കയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി. ചരിത്രത്തിലാദ്യമായാണ് അമേരിക്ക സെമി ഫൈനലിനു മുന്പ് പുറത്താകുന്നത് . ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു പെനാൽറ്റി ഷൂട്ടൗട്ട് അവസാനിക്കുന്നതെന്നതും ശ്രദ്ധേയം.
നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്.സ്വീഡന്റെ ഗോൾ വലകാത്ത സെസിറ മുസോവിച്ചായിരുന്നു കരുത്തരായ അമേരിക്കയെ മറിച്ചത്. 120 മിനിറ്റും അമേരിക്കൻ ആക്രമണത്തെ തടുത്ത സെസിറ കളി സ്വീഡന് അനുകൂലമാക്കി. പെനാൽറ്റി ഷൂട്ടൗട്ടിൽ മേഗൻ റാപിനോ ഉൾപ്പെടെ മൂന്ന് യുഎസ്എ കളിക്കാർക്ക് ലക്ഷ്യം കാണാനായില്ല.
ഏറ്റവും ശ്രദ്ധേയമായത് ഏഴാം കിക്കായിരുന്നു. ആദ്യ അഞ്ച് കിക്ക് കഴിഞ്ഞപ്പോൾ ഇരുടീമും 3-3നും ആറാം കിക്കിൽ 4-4നും തുല്യത പാലിച്ചു. അമേരിക്കയുടെ ഏഴാം കിക്കെടുത്തത് ഗോൾ കീപ്പറായ അലിസ നേഹറായിരുന്നു. ഏഴാം കിക്ക് അമേരിക്കയ്ക്ക് നഷ്ടമായി. അതോടെ സ്വീഡന്റെ ലിന ഹർട്ടിഗ് ഏഴാം കിക്കിനായി സ്പോട്ടിലേക്ക്. ലിനയുടെ കിക്ക് അലിസ നേഹർ തടഞ്ഞു. പക്ഷേ, വിഎആർ പരിശോധനയിൽ പന്ത് ഗോൾ ലൈൻ കടന്നതായി തെളിഞ്ഞു, ഫ്രഞ്ചുകാരിയായ റഫറി സ്റ്റെഫാനി ഫ്രപ്പാർട്ട് ഗോൾ അനുവദിച്ചു. അതോടെ 5-4ന്റെ ജയത്തോടെ സ്വീഡൻ ക്വാർട്ടറിലേക്ക്.